കഴുതയെ നഷ്ടപ്പെട്ട സൂഫി
നാടുചുറ്റി ചില്ലറ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഒരു സൂഫി ഉണ്ടായിരുന്നു. പല ദിവസങ്ങള്‍ ഗ്രാമങ്ങള്‍തോറും അലഞ്ഞു കച്ചവടം നടത്തി ക്ഷീണിച്ച് അവശനായ അദ്ദേഹം വിശ്രമത്തിന് പട്ടണത്തിലെ സത്രത്തില്‍ എത്തി. അന്ന് രാത്രി അവിടെ തങ്ങാന്‍ തീരുമാനിച്ചു.
സൂഫി ആദ്യം തന്നെ നടന്നു ക്ഷീണിച്ച തന്റെ കഴുതയുടെ പുറത്ത് നിന്നു സാധനങ്ങള്‍ എടുത്തു മാറ്റി. ശേഷം കഴുതയെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടി, മതിയാവോളം പുല്ലും വെള്ളവും നല്‍കി. തന്റെ കഴുതക്ക് ഒരു കുറവും വരരുത് എന്ന വിചാരത്തോടെ തൊഴുത്ത് സൂക്ഷിക്കുന്ന പയ്യന് നല്ല കൈമടക്കും കൊടുത്തു.
സത്രത്തില്‍ അന്ന് രാപ്പാര്‍ക്കാന്‍ എത്തിയ സൂഫികള്‍ പരമ ദരിദ്രന്‍മാരായിരുന്നു. നല്ല വിശപ്പ് ഉണ്ടായിരുന്നു അവര്‍ക്ക്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി പാപം ചെയ്താലും തെറ്റില്ല എന്നതായിരുന്നു ആ പാവപ്പെട്ട സന്യാസിമാരുടെ അപ്പോഴത്തെ മനോഗതി.
സത്രത്തില്‍ താമസിക്കാന്‍ പുതിയ അതിഥി വന്നത് കഴുതപ്പുറത്താണ് എന്ന് അവര്‍ മനസിലാക്കി. അത് മുതലാക്കാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ അയാളുടെ കഴുതയെ അന്ന് രാത്രി സത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ഒരാള്‍ക്ക് വിറ്റു. കിട്ടിയ പണവുമായി അവര്‍ അങ്ങാടിയില്‍ പോയി ആവശ്യത്തിന് ഭക്ഷണ സാധനങ്ങളും മെഴുകുതിരികളും വാങ്ങി.
അര്‍ധരാത്രിയോടെ നല്ല ഒരു സദ്യക്ക് തന്നെ അവര്‍ വട്ടം കൂട്ടി. എല്ലാവരും നല്ല ആവേശത്തിലായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷം മുന്തിയ ശാപ്പാട് കഴിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. കഴുതയുടെ ഉടമ അവിടെ നടന്ന കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അവര്‍ അയാളോട് ഏറെ ഭവ്യതയോടെ പെരുമാറി. അവിടെ താമസിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യം ആയി അദ്ദേഹം കരുതി. എത്ര നല്ല സൂഫികള്‍! എന്തു നല്ല സ്വീകരണം! എത്ര ഹൃദ്യമായ പെരുമാറ്റം!
അവര്‍ അദ്ദേഹത്തെ അന്നത്തെ വിശിഷ്ടാതിഥിയായി പ്രഖ്യാപിച്ചു. തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു.
വില കൊടുക്കാതെ ഭക്ഷണം കിട്ടുന്നതില്‍ കച്ചവടക്കാരന്‍ സൂഫിയും ഏറെ സന്തോഷിച്ചു. പാവം അയാള്‍ക്ക് അറിയില്ലല്ലോ... തന്റെ കഴുതയെ വിറ്റുകിട്ടിയ പണം കൊണ്ടാണ് ആ വിരുന്ന് ഒരുക്കിയിരിക്കുന്നത് എന്ന്! എല്ലാവരെയും പോലെ അയാളും കുശാലായി കഴിച്ചു. ഇനിയും മൂന്ന് നാല് ദിവസം കഴിക്കാനുള്ള ഭക്ഷണം അവിടെ ബാക്കി ഉണ്ടായിരുന്നു.
ഭക്ഷണത്തിനു ശേഷം സംഗീതം ആരംഭിച്ചു. എല്ലാവരും മതിമറന്ന് പാടുകയും ആടുകയും ചെയ്തു. കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി, ഒറ്റക്കാലില്‍ വട്ടം ചുറ്റി അവര്‍ പാടി. പാട്ട് മുറുകിയപ്പോള്‍ ഒരു ഗായല്‍ പ്രത്യേകമായ ഈണത്തില്‍ ഇങ്ങനെ ആലപിച്ചു:
'കഴുത പോയല്ലോ ഹോയ്!
കഴുത പോയല്ലോ, സുഹൃത്തേ,
കഴുത പോയല്ലോ!!'
എല്ലാവരും ആവേശപൂര്‍വ്വം അതേറ്റു പാടി.
കഴുതയുടെ ഉടമയും ആ വരികള്‍ ഉച്ചത്തില്‍ ഏറ്റുപിടിച്ചു.
സംഗീത വിരുന്ന് നേരം പുലരുവോളം നീണ്ടു.
അല്‍പ്പനേരം എല്ലാവരും തലങ്ങുംവിലങ്ങും കിടന്നു മയങ്ങി.
പ്രഭാതം പൊട്ടിവിടര്‍ന്നപ്പോള്‍ ഓരോരുത്തരായി തട്ടിപ്പിടച്ചെഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു പതിയെ സ്ഥലംവിടാന്‍ തുടങ്ങി. ഓരോരുത്തരും ഓരോ വഴിക്കുപോയി. കഴുതയുടെ ഉടമയായ സൂഫി അവസാനമാണ് എഴുന്നേറ്റത്. പെട്ടെന്ന് കുളിയും മറ്റും കഴിച്ചു അയാളും പുറപ്പെടാന്‍ തയ്യാറായി. സാധനങ്ങള്‍ എല്ലാം പുറത്ത് എടുത്തുവച്ചു അയാള്‍ കഴുതയെ അഴിക്കാന്‍ തൊഴുത്തിലേക്ക് നടന്നു.
കഴുത തൊഴുത്തില്‍ ഇല്ല.
കഴുതയെ തൊഴുത്ത് സൂക്ഷിപ്പുകാരന്‍ കുളിപ്പിക്കാന്‍ കൊണ്ടുപോയതായിരിക്കും എന്ന് അയാള്‍ വിചാരിച്ചു.
'നല്ല പയ്യന്‍. നല്ല ഒരു ടിപ്പ് കൊടുക്കണം' അയാള്‍ മനസില്‍ പറഞ്ഞു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തൊഴുത്ത് സൂക്ഷിപ്പുകാരന്‍ വന്നു. പക്ഷേ, കഴുതയെ കാണുന്നില്ല.
'എവിടെ എന്റെ കഴുത?' സൂഫി ചോദിച്ചു.
'കഴുതയെ വിറ്റ് അല്ലേ ഇന്നലെ നിങ്ങള്‍ ആഘോഷിച്ചത്?' പയ്യന്‍ തിരിച്ചു ചോദിച്ചു.
'എന്റെ കഴുതയെ വിറ്റോ? ആരോട് ചോദിച്ചിട്ട്? ആര് വിറ്റെന്ന്?' സൂഫിയുടെ മൂക്ക് വിറച്ചു.
'നിങ്ങള്‍ എല്ലാവരും കൂടിയല്ലേ കഴുതയെ വിറ്റതും ആ പണം കൊണ്ട് സദ്യ ഉണ്ടാക്കിയതും?' പയ്യന്‍ ചോദിച്ചു തീരും മുന്‍പേ സൂഫി അവന്റെ കഴുത്തിനു പിടിച്ചു.
'നിന്നെയല്ലേ ഞാന്‍ കഴുതയെ നോക്കാന്‍ ഏല്‍പ്പിച്ചത്?'
കൈ വിടുവിച്ചു പയ്യന്‍ സംഭവിച്ച കാര്യങ്ങളെല്ലാം സൂഫിയെ പറഞ്ഞു മനസിലാക്കി. അവന്‍ കൂട്ടിച്ചേര്‍ത്തു: 'വിശന്നിരിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഒരു കഷ്ണം റൊട്ടി എറിഞ്ഞു കൊടുക്കുന്നത് പൂച്ചക്കുട്ടിയെ വേട്ടപ്പട്ടികള്‍ക്കിടയിലേക്ക് എറിഞ്ഞു കൊടുക്കുന്നതിനു സമം എന്നാണ്'.
'എന്നാല്‍ അവര്‍ കഴുതയെ വിറ്റ വിവരം നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നില്ലേ?' സൂഫി പയ്യനോട് ചോദിച്ചു, 'എങ്കില്‍ എനിക്ക് അവരുടെ കൈയില്‍ മിച്ചമുള്ള പണമെങ്കിലും അവര്‍ പോവുന്നതിനു മുന്‍പ് വസൂലാക്കാമായിരുന്നില്ലേ?'
പയ്യന്‍ പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ശരിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. 'കഴുത പോയല്ലോ' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ അതൊരു പാട്ടാക്കി അര്‍മാദിച്ചു അവരോടൊപ്പം പാടുകയല്ലേ ചെയ്തത്? ഞാന്‍ വിചാരിച്ചു നിങ്ങളും കൂടി അറിഞ്ഞുകൊണ്ട് ആണ് കഴുതയെ വിറ്റത് എന്ന്.'
കച്ചവടക്കാരന്‍ സൂഫി വളരെ സങ്കടത്തോടെ സ്വയം കുറ്റപ്പെടുത്തി: 'ഞാന്‍ എന്തൊരു മണ്ടനായിപ്പോയി. കാര്യമറിയാതെ ഞാന്‍ അവരെ അനുകരിച്ചു. അവര്‍ ചെയ്യുന്നതിന്റെ പൊരുള്‍ എനിക്ക് അറിയുമായിരുന്നില്ല. അവര്‍ ചെയ്തത് എന്തോ അത് ഞാനും ചെയ്തു. അനുഭവിക്കുക തന്നെ.'
കച്ചവടക്കാരന്‍ സൂഫി തന്റെ ഭാണ്ഡങ്ങളും തോളിലേറ്റി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."