വിമാനത്താവളം: വഴിവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമായില്ല
മട്ടന്നൂര്‍: വിമാനത്താവള റോഡില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയില്ല. ഒരുതവണ പരീക്ഷണാര്‍ഥം മാത്രം പ്രകാശിപ്പിച്ച വിളക്കുകള്‍ പിന്നീട് ഇതുവരെ പ്രകാശം പരത്തിയില്ല. വിളക്കുകള്‍ പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതിനിരക്ക് ആര് അടക്കുമെന്ന തര്‍ക്കം നിലനില്‍ക്കുന്നതാണ് കാരണമെന്നാണ് സൂചന. വിമാനത്താവളം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ മട്ടന്നൂര്‍ നഗരസഭയിലെ വായാന്തോട് മുതല്‍ രണ്ടാംഗേറ്റ് സ്ഥിതിചെയ്യുന്ന കീഴല്ലൂര്‍ പഞ്ചായത്തിലെ പേരാവൂര്‍ വരെ തെരുവുവിളക്കുകളും പ്രധാന കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്. പൊതുമരാമത്തും നഗരസഭയും പഞ്ചായത്തുമാണ് തുക അടക്കുന്ന കാര്യത്തില്‍ തര്‍ക്കത്തിലുള്ളത്. കണക്ഷന് തുക പി.ഡബ്ല്യു.ഡി ഒടുക്കാന്‍ തയാറാണെങ്കിലും അറ്റകുറ്റപ്പണിക്കുപുറമേ വൈദ്യുതിനിരക്കും നഗരസഭയും പഞ്ചായത്തും ചേര്‍ന്ന് അടയ്ക്കണമെന്നാണ് പി.ഡബ്ല്യു.ഡി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."