ദലിത്, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന, അധ്യക്ഷസ്ഥാനത്തേക്ക് നാല്‍പതില്‍ താഴെയുള്ളവര്‍- യു.പി കോണ്‍ഗ്രസിനെ പുന:സംഘടിപ്പിക്കാന്‍ പ്രിയങ്ക
ലക്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തില്‍ നിന്ന് തിരിച്ചു കയറാന്‍ യു.പി കോണ്‍ഗ്രസിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പുനഃസംഘടിപ്പിക്കുന്നു. ജില്ലാ കമ്മറ്റികളെല്ലാം കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷമാണ് പ്രിയങ്ക പുനസംഘടന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ കരുത്ത് പകരുന്ന നിര്‍ദ്ദേശങ്ങളാണ് പ്രിയങ്ക മുന്നോട്ടു വച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ ദലിത്, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ചെറുപ്പക്കാരാണ് നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരേണ്ടത്. അതിനാല്‍ നാല്‍പത് വയസ്സിന് താഴെയുള്ളവരാവണം അധ്യക്ഷനടക്കം പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനങ്ങളിലെത്തേണ്ടതെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഭാരവാഹികളെയും പ്രൊഫഷണല്‍സിനെയും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടിയിരുന്നു. ജില്ലാ കമ്മിറ്റികളില്‍ പകുതിയോളം പേരെങ്കിലും 40 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്ന് പ്രിയങ്ക നിര്‍ദേശം നല്‍കി. മാത്രമല്ല കമ്മിറ്റികളിലെ സ്ത3ീ സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും പ്രിയങ്ക മുന്നോട്ട് വെക്കുന്നു.
പ്രിയങ്കയുടെ മേല്‍നോട്ടത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും തെരഞ്ഞെടുത്ത കുറച്ച് നേതാക്കളും അടങ്ങിയ നാല് അംഗ ടീമുകളാണ് തെരഞ്ഞെടുപ്പ് ഫലത്തെ പരിശോധിക്കുന്നത്. ഈ ടീമുകള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഓരോ ജില്ലകളിലെയും കോണ്‍ഗ്രസ് വിശ്വസ്തരെയും മുതിര്‍ന്ന നേതാക്കളെയും സന്ദര്‍ശിക്കുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇവരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ തേടുകയാണ് ഈ ടീമുകളുടെ ഉത്തരവാദിത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."