ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശക്കൊട്ട് ഇന്ന്
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് പത്താം സീസണിലെ ഉത്സവ കാഴ്ചകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് നടക്കുന്ന കലാശ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കന്നി ഫൈനലിലേക്ക് മുന്നേറിയ റൈസിങ് പൂനെ സൂപ്പര്ജയ്ന്റുമായി ഏറ്റുമുട്ടും. ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി പൂനെ നേരിട്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിലേക്ക് ഒരവസരം കൂടി തുറന്നു കിട്ടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തിയാണ് മുംബൈ കലാശപ്പോരിനെത്തിയത്. നാലാം ഫൈനലിലെത്തിയ മുംബൈ നേരത്തെ 2013, 2015 വര്‍ഷങ്ങളില്‍ ചാംപ്യന്മാരായിരുന്നു. 2010ല്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് വര്‍ഷത്തെ മാത്രം ആയുസില്‍ ഐ.പി.എല്ലിനെത്തിയ പൂനെ കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനക്കാരായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ മികച്ച പോരാട്ടത്തിലൂടെ നടാടെ ഫൈനല്‍ കളിക്കാനിറങ്ങുകയാണ്. പൂനെയ്ക്കെതിരേ ഈ സീസണില്‍ ഒരു മത്സരവും വിജയിക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല എന്നത് അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്.
ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം വിജയിച്ച് തുടങ്ങിയ പൂനെ പിന്നീട് തപ്പിത്തടഞ്ഞങ്കിലും നിര്‍ണായക ഘട്ടത്തില്‍ മികവ് തിരിച്ചുപിടിച്ചാണ് പ്ലേയോഫിലേക്കും ഫൈനലിലേക്കും മുന്നേറിയത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി തുടങ്ങിയ പൂനെ രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനോട് ആറ് വിക്കറ്റിനും മൂന്നാം മത്സരത്തില്‍ ഡല്‍ഹി ഡയര്ഡെവിള്സിനോട് ഏഴ് വിക്കറ്റിനും പരാജയം ഏറ്റുവാങ്ങി. നാലാം പോരാട്ടത്തില്‍ അവര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 27 റണ്‍സിന് വീഴ്ത്തി മികവ് തിരിച്ചുപിടിച്ചു. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കിയ പൂനെ മുംബൈ ഇന്ത്യന്‍സിനെതിരേ മൂന്ന് റണ്‍സിന് വീണ്ടും വിജയം പിടിച്ചു. മൂന്ന് തുടര്‍ വിജയങ്ങളുമായി മുന്നേറിയ പൂനെയെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ബാംഗ്ലൂരിനെതിരേ 61 റണ്‍സിന് വിജയിച്ച് പൂനെ വിജയ വഴിയില്‍ തിരിച്ചെത്തി. പിന്നാലെ ഗുജറാത്ത് ലയണ്‍സിനെ അഞ്ച് വിക്കറ്റിനും കൊല്‍ക്കത്തയെ നാല് വിക്കറ്റിനും ഹൈദരാബാദിനെ 12 റണ്‍സിനും വീഴ്ത്തി നാല് തുടര്‍ വിജയങ്ങള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. നാല് വിജയങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്കെതിരേ ഏഴ് റണ്‍സിന്റെ നേരിയ വ്യത്യാസത്തില്‍ അവര്‍ വീണു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ പഞ്ചാബിനെ ഒന്‍പത് വിക്കറ്റിന് വീഴ്ത്തി രണ്ടാം സ്ഥാനക്കാരായി പൂനെ ഒന്നാം ക്വാളിഫയര്‍ പോരിന് യോഗ്യത നേടി. ക്വാളിഫയര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 20 റണ്‍സിന്റെ ആധികാരിക വിജയത്തോടെ നേരിട്ട് ഫൈനലില്‍.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ സ്ഥിരത പുലര്‍ത്തിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. നാലാം ഫൈനലിലേക്കാണ് അവര്‍ യോഗ്യത സ്വന്തമാക്കിയത്. ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കി ഒന്നാം സ്ഥാനക്കാരായാണ് അവര്‍ പ്ലേയോഫിലേക്ക് കടന്നത്. ആദ്യ പോരാട്ടത്തില്‍ പൂനെക്കെതിരേ ഏഴ് വിക്കറ്റിന് തോറ്റ് തുടങ്ങിയ അവര്‍ പിന്നീട് ആറ് തുടര്‍ വിജയങ്ങളാണ് നേടിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍ ടീമുകള്‍ക്കെതിരേ നാല് വിക്കറ്റിന്റെ വിജയങ്ങള്‍ നേടിയ മുംബൈ ഗുജറാത്തിനെ ആറ് വിക്കറ്റിനും പഞ്ചാബിനെ എട്ട് വിക്കറ്റിനും പരാജയപ്പെടുത്തി. ഡല്‍ഹിയെ 14 റണ്‍സിന് വീഴ്ത്തി അവര്‍ ആറ് തുടര്‍ വിജയങ്ങള്‍ സ്വന്തം പേരിലാക്കി. തൊട്ടടുത്ത മത്സരത്തില്‍ പൂനെക്കെതിരേ തോല്‍വി വഴങ്ങിയ അവര്‍ ഗുജറാത്തിനെതിരായ പോരില്‍ സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി വിജയ വഴിയില്‍ വീണ്ടുമെത്തി. ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിനും ഡല്‍ഹിയെ 146 റണ്‍സിനും കീഴടക്കിയ അവരെ അടുത്ത മത്സരത്തില്‍ ഹൈദരാബാദ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. പിന്നാലെ പഞ്ചാബിനോടും അവര്‍ തോല്‍വി വഴങ്ങി. ഏഴ് റണ്‍സിനായിരുന്നു ഈ പോരാട്ടത്തില്‍ മുംബൈ വീണത്. എന്നാല്‍ കൊല്‍ക്കത്തയെ ഒന്‍പത് റണ്‍സിന് പരാജയപ്പെടുത്തി അവര്‍ ഒന്നാം സ്ഥാനത്തോടെ പ്ലേയോഫ് ബര്‍ത്ത് ഉറപ്പിച്ചു. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പൂനെയ്ക്കെതിരേ 20 റണ്‍സിന്റെ തോല്‍വി നേരിട്ട അവര്‍ രണ്ടാം അവസരം മുതലാക്കി. രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."