പോക്കുവെയില്‍
പോക്കുവെയിലുറങ്ങിക്കിടന്ന
ഇടവഴിയില്‍,
കാറ്റോടിപ്പോയ
വിളഞ്ഞ
പുഞ്ചനെല്‍പാടങ്ങളില്‍,
പുഴയൊഴുകിപ്പോയ
വളവുകളില്‍,
മേഘമുപേക്ഷിച്ചുപോയ
വെള്ളക്കീറുകളില്‍,
എല്ലാം നീയെന്നോടൊപ്പം
ഉല്ലാസവതിയായി
നടന്നപ്പോഴൊക്കെ
ഞാന്‍ പറഞ്ഞിരുന്നു
എന്നെക്കുറിച്ച്..
നിശാഗന്ധികള്‍
പൂക്കാന്‍ മറക്കുകയും,
ഗസലീണങ്ങള്‍
ചുണ്ടുകളിലസ്തമിക്കുകയും,
പേരുനോക്കിയും
ഉടയാടകള്‍നോക്കിയും,
ആളുകളെ
വിലയിരുത്തുകയും,
ഹൃദയത്തില്‍
പാട്ടില്ലാതാകുകയും,
ചെയ്യുന്നയന്ന്
ഞാന്‍ ചുവന്ന
പ്രഭാതമന്വേഷിക്കുമെന്നും
തെരുവുകള്‍തോറും
ആളുകള്‍ക്കൊപ്പം
അലഞ്ഞുനടക്കുമെന്നും
ഞാന്‍ പറഞ്ഞിരുന്നു.
ചോദ്യങ്ങളെപ്പേടിയുള്ള
നീ കരയരുതെന്നു
ഞാന്‍ ആണയിട്ടിരുന്നു.
എന്നിട്ടിപ്പോള്‍
മൗനാവരണമണിഞ്ഞ്
നീയെന്തിനാണു
പടിഞ്ഞാറന്‍
ചക്രവാളങ്ങളിലേക്ക്
ഉറ്റുനോക്കുന്നത്
നീ നിന്റെ
അരിപ്രാവുകളോട്
വിപ്ലവത്തെക്കുറിച്ച്
ചോദിച്ചുനോക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."