അമ്പെയ്ത്ത് ലോകകപ്പ് ;ഇന്ത്യക്ക് സുവര്‍ണ നേട്ടം
ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം. പുരുഷന്‍മാരുടെ കോംപൗണ്ട് ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. അഭിഷേക് വര്‍മ, രാജു ചിന്ന ശ്രീധര്‍, അമന്‍ജീത് സിങ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് ഫൈനലില്‍ കൊളംബിയന്‍ ടീമിനെ പരാജയപ്പെടുത്തി സുവര്‍ണ നേട്ടം സമ്മാനിച്ച് രാജ്യത്തിന്റെ അഭിമാനം കാത്തത്. കമിലോ കര്‍ഡോണ, ഡാനിയേല്‍ മുനോസ്, ജോസ് കാര്‍ലോസ് ഒസ്പിന എന്നിവരടങ്ങിയ കൊളംബിയന്‍ ടീമിനെ 226-221 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ വീഴ്ത്തിയത്.
ആദ്യ പകുതിയില്‍ 58-57 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം കുതിച്ചത്. ഇഞ്ചോടിഞ്ച് പൊരുതിയ കൊളംബിയന്‍ ടീമിനെതിരേ നാല് പെര്‍ഫക്ട് ടെന്‍ പോയിന്റുകള്‍ നേടാന്‍ ഇന്ത്യക്കായി. രണ്ടാം പകുതിയിലും നാല് പെര്‍ഫക്ട് ടെന്‍ പോയിന്റുകളുമായി 58-56 എന്ന സ്‌കോറിന് ഇന്ത്യന്‍ സംഘം മുന്നില്‍ നിന്നു. രണ്ട് പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 116ഉം കൊളംബിയന്‍ സ്‌കോര്‍ 113ഉം ആയിരുന്നു. മൂന്നാം ഘട്ടത്തില്‍ 168-165 എന്ന നിലയില്‍ മൂന്ന് പോയിന്റിന്റെ ലീഡ് ഇന്ത്യ നിലനിര്‍ത്തി. നാലാം ഘട്ടത്തില്‍ നാല് പെര്‍ഫക്ട് ടെന്‍ പോയിന്റകളുമായി 58-56 എന്ന നിലയില്‍ പോയിന്റ് നേടി ഇന്ത്യ 226-221 എന്ന സ്‌കോറില്‍ മത്സരവും സ്വര്‍ണ മെഡലും സ്വന്തമാക്കി.
2015 ലോകകപ്പില്‍ കോംപൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ താരമാണ് 27കാരനായ അഭിഷേക്. 2015ലെ ലോകകപ്പില്‍ ടീമിനത്തില്‍ വെങ്കലം നേടിയ ടീമിലും അഭിഷേക് അംഗമായിരുന്നു. 2014ലെ ലോകകപ്പില്‍ മിക്‌സഡ് വിഭാഗത്തില്‍ വെള്ളി മെഡലും താരം സ്വന്തമാക്കിയിരുന്നു. അഭിഷേകിനൊപ്പം പരിചയ സമ്പന്നനായ രാജു ചിന്ന ശ്രീധറും ഒപ്പം ലോകകപ്പില്‍ അരങ്ങേറ്റ കുറിച്ച അമന്‍ജീത് സിങും ചേര്‍ന്ന സഖ്യം ലോകകപ്പിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അതേസമയം അഭിഷേക് വര്‍മയും ജ്യോതി സുരേഖ വെന്നവും ചേര്‍ന്ന മിക്‌സഡ് വിഭാഗം വെങ്കല മെഡല്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടു. അമേരിക്കയുടെ റിയോ വില്‍ഡെ- ജാമി വാന്‍ നാറ്റ സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം പരാജയമേറ്റു വാങ്ങിയത്. 151-153 എന്ന സ്‌കോറിനായിരുന്നു തോല്‍വി. കേവലം രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യന്‍ സഖ്യം വെങ്കലം നഷ്ടപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."