പുഴയോരത്ത് വന്നടിഞ്ഞ മണല്‍ സംരക്ഷിക്കാന്‍ നടപടികളെടുത്തതായി സബ് കലക്ടര്‍
ഷൊര്‍ണൂര്‍: വെള്ളപ്പൊക്കത്തില്‍ പുഴയോരങ്ങളില്‍ വന്നടിഞ്ഞ മണല്‍ സംരക്ഷിക്കാന്‍ നടപടിയെടുത്തതായി ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്. സബ് കലക്ടര്‍ നേതൃത്വം നല്‍കുന്ന താലൂക്കുതല മണല്‍ സ്‌ക്വാഡുകള്‍ മണല്‍കടത്തുമായി ബന്ധപ്പെട്ട് പരിശോധന തുടങ്ങി. മണല്‍ സൂക്ഷിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും.
വീടുനിര്‍മാണവുമായി വന്‍തോതില്‍ മണല്‍ ശേഖരിക്കുന്നത് റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കൃത്യമായ രേഖകളില്ലാതെ വീടുകളില്‍ മണല്‍ സൂക്ഷിച്ചാലും നടപടിയുണ്ടാകും. ഇത്തരത്തില്‍ രേഖകളില്ലാതെ വീടുപണിക്കായി സൂക്ഷിച്ച മൂന്നു യൂനിറ്റ് പുഴമണല്‍ തൃത്താലയില്‍ പൊലിസും റവന്യൂ അധികൃതരും ചേര്‍ന്നു പിടികൂടി. ഇത്തരത്തില്‍ പിടികൂടുന്ന മണല്‍ പാലക്കാട് നിര്‍മിതി കേന്ദ്രക്ക് കൈമാറാനാണ് തീരുമാനം.
മണല്‍കടത്താന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും കസ്റ്റഡിയിലെടുക്കും. ജില്ലാ കലക്ടര്‍ക്കാണ് ഇവ കൈമാറുക, മണല്‍കടത്തുന്ന വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും പുറമേ മണല്‍ സൂക്ഷിക്കുന്നവര്‍ക്കും രാത്രികാലങ്ങളിലും ഒഴിവ് ദിവസങ്ങളിലും റവന്യൂ സ്‌ക്വാഡ് നിരീക്ഷണം തുടരും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 35 ലക്ഷം രൂപയുടെ വരുമാനം മണല്‍ ഇനത്തില്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.
പിടികൂടുന്ന മണലെല്ലാം ജില്ലാ കലക്ടര്‍ക്കാണ് കൈമാറുന്നത്. കലക്ടര്‍ അധ്യക്ഷനായ സമിതിക്കാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള അധികാരം. 7500 രൂപയാണ് ഒരുലോഡ് മണലിന് റവന്യൂവകുപ്പ് കണക്കാക്കുന്ന മൂല്യം. ഇതില്‍ പകുതി തുക പുഴ സംരക്ഷണത്തിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്കും ബാക്കി സര്‍ക്കാരിലേക്കുമാണ് പോകുന്നത്.
എന്നാല്‍ 2017ന് ശേഷം സബ് കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് നിര്‍ജീവമാണ്. താലൂക്ക്തല സ്‌ക്വാഡുകളും വനിതാ സ്‌ക്വാഡുമാണ് ഇപ്പോള്‍ മണല്‍വേട്ടയ്ക്ക് ഒരുങ്ങുന്നത്. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ നേതൃത്വം നല്കുന്ന താലൂക്ക് തല സ്‌ക്വാഡ് സബ് കലക്ടര്‍ നേതൃത്വം നല്കുന്ന സ്‌ക്വാഡിന്റെ അത്ര സജീവമല്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വെള്ളപ്പൊക്കമുണ്ടായി പുഴയുടെ തീരങ്ങളിലെല്ലാം വന്‍തോതില്‍ മണല്‍ അടിഞ്ഞിരിക്കുകയാണ്. ഇതോടെ മണല്‍കടത്തും വര്‍ധിച്ചു. പോലീസിനെ ഉള്‍പ്പെടുത്തി എത്രയുംവേഗം സബ് കളക്ടറുടെ സക്വാഡ് സജീവമാക്കി മണല്‍കടത്ത് പൂര്‍ണമായും തടയണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."