വാക്‌സിനുകള്‍ക്ക് ക്ഷാമം; ആരോഗ്യരംഗത്ത് ആശങ്ക
തിരുവനന്തപുരം: വാക്‌സിനേഷന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും വാക്‌സിനുകള്‍ ആവശ്യാനുസരണം ലഭിക്കാത്തത് ആരോഗ്യരംഗത്ത് ആശങ്കയുണര്‍ത്തുന്നു. പ്രധാനമായും ടെറ്റനസ് ഡിഫ്തീരിയ (ടി.ഡി) വാക്‌സിന് എല്ലാ ജില്ലകളിലും ക്ഷാമമാണ്.
ഡിഫ്തീരിയ രോഗത്തെ സംബന്ധിച്ച ഭീതി അടുത്തിടെ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന് ആവശ്യക്കാരേറി. എന്നാല്‍ ആവശ്യത്തിനനുസരിച്ച് വാക്‌സിനുകള്‍ ലഭ്യമാകാത്ത അവസ്ഥയാണ്.
സ്വകാര്യ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ വാക്‌സിനു വേണ്ടി രംഗത്തുണ്ട്. വാക്‌സിനേഷനെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സഹായിച്ചു.
എന്നാല്‍ ആവശ്യാനുസരണം വാക്‌സിനുകള്‍ നല്‍കാന്‍ കഴിയുന്നില്ല. ഡിഫ്തീരിയ,പോളിയോ,ടെറ്റനസ് (ഡി.പി.ടി) വാക്‌സിന്‍ കുട്ടികള്‍ ജനിച്ച് 16-24 മാസത്തിനിടയിലും അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്കിടയിലും ആണ് നല്‍കേണ്ടത്. എന്നാല്‍ പല രക്ഷിതാക്കളും ഇത് അവഗണിക്കുന്ന പതിവാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് 75 ശതമാനത്തോളം പേരാണ് ഡി.പി.ടി ആദ്യ ബൂസ്റ്റര്‍ എടുത്തിട്ടുള്ളത്. രണ്ടാം ബൂസ്റ്റര്‍ എടുത്തത് 65 ശതമാനത്തോളം പേര്‍ മാത്രമാണ്. ഡിഫ്തീരിയ ഉണ്ടായ മലപ്പുറം ജില്ലയില്‍ 15 വയസിന് മുകളിലുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതേ തുടര്‍ന്ന് രോഗബാധിത പ്രദേശത്തെ 10 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും അടിയന്തരമായി ടെറ്റനസ് ഡിഫ്തീരിയ വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം പാലക്കാട്, തിരുവനന്തപുരം ജില്ലകളിലേക്കും ഡിഫ്തീരിയ ബാധ പകര്‍ന്നുവെന്ന സംശയം വ്യാപകമായ സാഹചര്യത്തില്‍ ടി.ഡി വാക്‌സിനുകള്‍ കൂടുതലായി വേണ്ടിവരും. തൊണ്ടവേദനയും ടോണ്‍സിലൈറ്റിസുമുള്‍പ്പെടെയുള്ള രോഗബാധിതര്‍ക്ക് ആന്റിബയോട്ടിക് നല്‍കി ഭേദപ്പെടുത്താവുന്നതാണ്. എന്നാല്‍ ഡിഫ്തീരിയ ഭീതിയില്‍ ടി.ഡി വാക്‌സിന്‍ ആവശ്യപ്പെടുന്നവര്‍ നിരവധിയാണ്.
എല്ലാ ജില്ലകളിലും വാക്‌സിന്റെ പെട്ടെന്നുണ്ടായ ആവശ്യകത നിര്‍മാണത്തിനും വിതരണത്തിലും പ്രതിസന്ധി സൃഷ്ടിച്ചു. 4.5 ലക്ഷം ടി.ഡി വാക്‌സിനാണ് ഒരുമിച്ച് ഓര്‍ഡര്‍ ലഭിച്ചത്. വരും കാലങ്ങളില്‍ ടെറ്റനസിന് മാത്രമുള്ള കുത്തിവയ്പ് പൂര്‍ണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന് കീഴിലെ രോഗപ്രതിരോധ ഉപദേശകസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പകരം ടെറ്റനസിനും ഡിഫ്തീരിയയ്ക്കും പൊതുവായുള്ള ടി.ഡി വാക്‌സിനിലേക്ക് മാറണമെന്നാണ് നിര്‍ദ്ദേശം. ഏതായാലും ഇപ്പോള്‍ ഡിഫ്തീരിയ ബാധിത പ്രദേശങ്ങള്‍ക്കാണ് ടി.ഡി വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് മുന്‍ഗണന നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."