10 ാംക്ലാസ് ജയിച്ച അങ്കണവാടി ഹെല്‍പ്പര്‍മാരും ഇനി വര്‍ക്കര്‍മാരാകും
പാലക്കാട്: 10ാം ക്ലാസ് വിജയിച്ച അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് ഇനിമുതല്‍ വര്‍ക്കര്‍മാരാകാം. 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരും 10 ാംക്ലാസ് യോഗ്യതയുള്ളവരുമായ ഹെല്‍പ്പമാര്‍ക്ക് ഈ ഉത്തരവിലൂടെ സ്ഥാനക്കയറ്റം ലഭിക്കും. വര്‍ക്കര്‍ തസ്തികയുടെ 25 ശതമാനം സ്ഥാനക്കയറ്റത്തിനു നീക്കിവയ്ക്കാനും തീരുമാനിച്ചു.
എസ്.സി-എസ്.ടി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് 10 വര്‍ഷം സേവന ദൈര്‍ഘ്യമുള്ള 10 ാംക്ലാസ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി തോറ്റവരെയും പരിഗണിക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ ആദ്യം എസ്.എസ്.എല്‍.സി യോഗ്യത നേടിയവരെ പരിഗണിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 10 വര്‍ഷം സേവനപരിചയം, എസ്.എസ്.എല്‍.സി യോഗ്യത എന്നിവയുള്ളവരെയും 10 ാംക്ലാസ് യോഗ്യത നേടാത്ത 10 വര്‍ഷം സേവനപാരമ്പര്യമുള്ള എസ്.സി, എസ്.ടി വിഭാഗക്കാരും ഉണ്ടെങ്കില്‍ ആരെ ആദ്യം പരിഗണിക്കുമെന്നതു സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാനക്കയറ്റ ഉത്തരവില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പുതുക്കിയ മുന്‍ഗണനാക്രമം അനുസരിച്ച് ആദ്യം എസ്.എസ്.എല്‍.സി യോഗ്യത നേടിയവരെയാണ് സ്ഥാനക്കയറ്റത്തിന് ആദ്യം പരിഗണിക്കുക. ഒരേസമയം എസ്.എസ്.എല്‍.സി യോഗ്യത നേടിയ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ പ്രായക്കൂടുതലുള്ളവരെ ആദ്യം പരിഗണിക്കും.
പ്രായം തുല്യമാണെങ്കില്‍ സേവനദൈര്‍ഘ്യം കൂടുതലുള്ളവരെയാണ് പരിഗണിക്കുക. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ പൊതുവിഭാഗത്തിലുണ്ടെങ്കില്‍ അവരെ പരിഗണിച്ചതിനുശേഷം മാത്രമേ 10 വര്‍ഷ സേവന പരിചയമുള്ള എസ്.എസ്.എല്‍.സി യോഗ്യത നേടാത്ത എസ്.സി, എസ്.ടി വിഭാഗക്കാരെ പരിഗണിക്കേണ്ടതുള്ളൂ. 10 ാംക്ലാസ് യോഗ്യതയില്ലാത്ത എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ ഉയര്‍ന്ന പ്രായം, സേവനപരിചയം എന്നിവ കൂടി പരിഗണിച്ച് സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം.
അങ്കണവാടി ജീവനക്കാരുടെ നിയമനങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവും താല്‍കാലികമായി സേവനം അനുഷ്ഠിച്ചവര്‍ക്ക് സേവന കാലയളവ് കണക്കാക്കി പരമാവധി മൂന്നുവര്‍ഷംവരെ ഇളവ് അനുവദിക്കുന്നതിനും തീരുമാനമായി. അങ്കണവാടി ജീവനക്കാര്‍ക്ക് വേതന വ്യവസ്ഥയില്‍ വലിയ വര്‍ധനയാണ് അടുത്ത ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."