പ്രതിരോധമേഖലയില്‍ സൗഹൃദം ശക്തമാക്കാന്‍ ഇന്ത്യാ-സഊദി തീരുമാനം
ജിദ്ദ: സഊദിയുമായി പ്രതിരോധ മേഖലയിലെ സൗഹൃദം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ നാവിക സേന അഡ്മിറല്‍ ആര്.ബി പണ്ഡിറ്റ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നാവിക സേനാ സാന്നിധ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും ജിദ്ദ സന്ദര്‍ശനം കൊണ്ട് സാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ജിദ്ദാ തുറമുഖത്ത് എത്തിയത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ 2006ലും 2010ലും നടന്ന സഹകരണ പ്രഖ്യാപനങ്ങളോടെ പ്രതിരോധ മേഖലയിലും ഈ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി സഊദിയുടെ ഒട്ടേറെ നാവികര്‍ ഇന്ത്യയിലെത്തി പരിശീലനം നേടിവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഒട്ടേറെ സഊദി നാവികര്‍ പൂനെയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ പരിശീലനത്തിനായി ഇന്ത്യയിലെത്തിയിരുന്നു.
ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളുടെ ജിദ്ദാ സന്ദര്‍ശന വേളയിലും സഊദിയുടെ നാവിക സേനാംഗങ്ങളുമായി സംയുക്ത പരിശീലനവും വിവിധ തലത്തിലുള്ള കൂടിക്കാഴ്ചകളും നടത്തിയതായി ആര്.ബി പണ്ഡിറ്റ് പറഞ്ഞു.
ജിദ്ദയിലടുത്ത നാവിക കപ്പലുകളില്‍ സന്ദര്‍ശനം നടത്തുന്നതിന് വിദ്യാര്‍ഥികളടക്കം ഇന്ത്യന്‍ സമൂഹത്തിനും അവസരം ലഭിച്ചിരുന്നു. ത്രിശൂലിനു പുറമെ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് ആദിത്യ എന്നീ നാവിക കപ്പലുകളാണ് ജിദ്ദയിലെത്തിയത്. ഈ മൂന്നു നാവിക കപ്പലുകളും പശ്ചിമ നാവിക കമാന്‍ഡിന്റെ പരിധിയില്‍ വരുന്നതാണ്.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ നാവിക സേനാ കപ്പലുകള്‍ ഇന്നലെ മുംബൈയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."