വിദേശികളെ ജോലിക്കായി പുറത്തേക്ക് വിടുന്നവര്‍ക്കെതിരേ ശിക്ഷാനടപടി
ജിദ്ദ: വിദേശ തൊഴിലാളികളെ ജോലിക്കായി പുറത്തേക്കു വിടുന്ന തൊഴിലുടമകള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹൂബ് മുന്നറിയിപ്പ് നല്കി. കൂടാതെ ഇവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് വിലക്കും ഏര്‍പ്പെടുത്തും. തൊഴിലുടമകള്‍ വിദേശികളാണെങ്കില്‍ അവരെ നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടി സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും തൊഴില്‍ വിസയില്‍ സഊദിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഇവര്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തും.
നിയമലംഘകര്‍ക്ക് യാത്രാ സൗകര്യവും മറ്റു സഹായങ്ങളും നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാന്‍ സ്വമേധയാ തയാറാകുന്നവരെ പിഴകളില്‍നിന്നും മറ്റു നടപടിക്രമങ്ങളില്‍നിന്നും ഒഴിവാക്കുമെന്നും ജവാസാത്ത് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."