അധികാരക്കൈമാറ്റം; കല്‍പ്പറ്റ നഗരസഭ ത്രിശങ്കുവില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ജനതാദള്‍ (യു)
യു.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് ജനതാദള്‍ (യു) ജില്ലാ കമ്മിറ്റി കത്ത് നല്‍കി
കല്‍പ്പറ്റ: അധികാര കൈമാറ്റത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കേ കല്‍പ്പറ്റ നഗരസഭയില്‍ കടുംപിടുത്തത്തിനുറച്ച് ജനതാദള്‍ (യു). നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജനതാദള്‍(യു) നഗരസഭാ കമ്മിറ്റി.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന ജനതാദള്‍(യു) നഗരസഭാ കമ്മിറ്റി യോഗത്തില്‍ പ്രമേയവും പാസാക്കിയിട്ടുണ്ട്. ഈ പ്രമേയം ഉള്‍പ്പെടുത്തിയുള്ള കത്ത് ജില്ലാ കമ്മിറ്റിക്ക് നഗരസഭാ കമ്മിറ്റി കൈമാറിയിട്ടുമുണ്ട്.
ഇത് അടുത്ത ദിവസം തന്നെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് നല്‍കുമെന്നാണ് അറിയുന്നത്. ഇവിടെ നടപടിയുണ്ടായില്ലെങ്കില്‍ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റി മുഖാന്തിരം കത്ത് നില്‍കാനുമുള്ള ഒരുക്കത്തിലാണ് ജില്ലാ കമ്മിറ്റി.
ജനതാദള്‍ (യു) സംസ്ഥാന കമ്മിറ്റിക്കും നഗരസഭയുടെ ഭരണം വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പാണെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. തീരുമാനം തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ സി.പി.എമ്മിനൊപ്പം നിന്നു നഗരസഭാ ഭരണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും പാര്‍ട്ടിയില്‍ ധാരണയുണ്ട്.
മൂന്ന് അംഗങ്ങളുടെ പിന്‍ബലത്തില്‍ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച തര്‍ക്കങ്ങള്‍ അടുത്ത ദിവസങ്ങളില്‍ രൂക്ഷമായേക്കുമെന്ന സൂചനകളാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്നത്. നിലവില്‍ യു.ഡി.എഫിലെ കക്ഷിയായ ജനതാദള്‍ (യു)വിനാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം. മുന്നണി ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യവര്‍ഷത്തിനു ശേഷം ലീഗിന് നല്‍കണം.
പിന്നീടുള്ള രണ്ടു വര്‍ഷം കോണ്‍ഗ്രസിനാണ്. വൈസ് ചെയര്‍മാന്‍ ആദ്യഘട്ടത്തില്‍ ലീഗിനും അടുത്തത് കോണ്‍ഗ്രസിനുമാണ്.
അവസാന ഒരു വര്‍ഷം വൈസ് ചെയര്‍മാന്‍ സ്ഥാനം ജനതാദള്‍ (യു)വിന് നല്‍കണമെന്നാണ് ധാരണ. ഇതുപ്രകാരം ജനതാദള്‍ (യു)വിന്റെ കാലാവധി അവസാനിക്കാന്‍ നാലുമാസം കൂടിയാണ് ബാക്കിയുള്ളത്.
എന്നാല്‍ ഈ സമയത്തിനുള്ളില്‍ ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞു കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ജനതാദള്‍ (യു)വിലെ ഭൂരിപക്ഷ വിഭാഗം. നഗരസഭയിലെ വിരലിലെണ്ണാവുന്ന മുന്‍നിര നേതാക്കളൊഴിച്ചാല്‍ പ്രവര്‍ത്തകരെല്ലാം ഈ അഭിപ്രായത്തോടൊപ്പമാണ്. എന്നാല്‍ ജനതാദള്‍ (യു)വിന്റെ ഈ ആവശ്യത്തിനു മുന്നില്‍ കോണ്‍ഗ്രസും ലീഗും വഴങ്ങില്ലെന്ന കാര്യം ഉറപ്പാണ്.
ഭരണം ലഭിച്ചപ്പോള്‍ തന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ആദ്യഘട്ടത്തില്‍ ജനതാദള്‍ (യു) ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.
തീരുമാനം ജനതാദള്‍ (യു)വിന് അനുകൂലവുമായിരുന്നു. ആകെ 28 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് 12ഉം അംഗങ്ങളുണ്ട്. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് എട്ടും ലീഗിന് അഞ്ചും ജനതാദള്‍ (യു)വിന് രണ്ടു കൗണ്‍സിലര്‍മാരുമാണുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ്‌കുമാറിന്റെ പരാജയത്തിനു കാരണം കോണ്‍ഗ്രസ്-ലീഗ് വോട്ടു ചോര്‍ച്ചയാണെന്ന വാദമുയര്‍ത്തിയാണ് ജനതാദള്‍ (യു) ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന് പിടിമുറുക്കുന്നത്.
ജനതാദള്‍ (യു)വിന്റെ രണ്ടു കൗണ്‍സിലര്‍മാരുടെ പിന്തുണ ലഭിച്ചാല്‍ എല്‍.ഡി.എഫിന് സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം അട്ടിമറിക്കാന്‍ കഴിയും.
അറ്റകൈക്ക് ഇങ്ങനെയൊരു ശ്രമം നടത്താനും ജനതാദള്‍ (യു) തയാറായേക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."