ചെമ്മാപ്പിള്ളി കടവ് തൂക്കുപാലം അപകടാവസ്ഥയില്‍
അന്തിക്കാട്: താന്ന്യം നാട്ടിക പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെമ്മാപ്പിള്ളി കടവ് തൂക്കുപാലം അപകടാവസ്ഥയില്‍. പാലത്തിന്റെ ഇരുമ്പു കൈവരികള്‍ പഴകി ദ്രവിച്ച നിലയിലാണ്.
നടപ്പാതയെ മുകളില്‍ നിന്നും താങ്ങി നിര്‍ത്തുന്ന വലിയ കമ്പികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണു പാലം നിര്‍മിച്ചത്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് അപകടാവസ്ഥക്കു കാരണമെന്ന് ആക്ഷേപമുണ്ട്. 110 മീറ്റര്‍ നീളവും 1.20 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. ചെമ്മാപ്പിള്ളിയില്‍ നിന്നും നാട്ടിക എസ്.എന്‍ കോളജ്, വലപ്പാട് ശ്രീരാമ പോളിടെക്‌നിക്, തൃപ്രയാര്‍ ക്ഷേത്രം, ദേശീയപാത 17 എന്നിവിടങ്ങളിലേക്ക് എത്താന്‍ ദിവസവും നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന പാലമാണിത്. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ള യാത്രക്കാര്‍ ജീവന്‍ പണയം വെച്ചാണ് പാലത്തിലൂടെ യാത്ര ചെയ്യുന്നത്. ജനങ്ങള്‍ക്കു അപകട ഭീഷണിയായ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പാലത്തില്‍ വന്‍ ദുരന്തം ഉണ്ടാകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."