'നിയമ ഭേദഗതി നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിന് എതിരാവില്ല'- വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ പൊലിസ് നിയമ ഭേദഗതിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. ഭേദഗതിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നതോടെയാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
പുതിയ പൊലിസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
പുതിയ പൊലിസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങള്‍ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്നുണ്ട്.
അസത്യം മുതല്‍ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകര്‍ക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താല്‍പര്യങ്ങള്‍, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകര്‍ക്കുന്ന വിധത്തിലുള്ള പ്രതികാര നിര്‍വഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.
മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സര്‍ക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിന്‍ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കല്‍പമുണ്ടല്ലോ. കൈവീശാം, എന്നാല്‍ അത് അപരന്റെ മൂക്കിന്‍ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാല്‍ ഇതു തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവില്‍ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്തി പോവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും അന്താരാഷ്ട്രതലത്തില്‍ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേര്‍ന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലിസ് നിയമഭേദഗതിയില്‍ ഉള്ളൂ.
വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്‌കൃത സമൂഹത്തില്‍ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങള്‍ പൊതുവില്‍ ഭരണഘടന കല്പിക്കുന്ന ഈ അതിരുകള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കാറ്. എന്നാല്‍, ചില വ്യക്തിഗത ചാനലുകള്‍ ആ ഭരണഘടനാ നിഷ്‌കര്‍ഷകളെ പുച്ഛത്തോടെ കാറ്റില്‍പറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇത് സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ.
ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളില്‍ നിന്ന് എത്ര ശക്തമായ വിമര്‍ശനം നടത്താനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അര്‍ത്ഥത്തില്‍ എടുത്താല്‍ ആര്‍ക്കും ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകര്‍ക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവര്‍ക്കു മാത്രമേ ഇതില്‍ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്‌കൃത ജനസമൂഹം അനുവദിക്കുന്നതുമല്ല.
വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്തല്‍ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാന്‍ സര്‍ക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയില്‍ മാധ്യമങ്ങള്‍ക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകള്‍ക്കും വിധേയമായ വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ തീര്‍ച്ചയായും പരിഗണിക്കുക തന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."