മാണിക്കല്‍ പഞ്ചായത്തില്‍ വാനരശല്യം രൂക്ഷം; നട്ടംതിരിഞ്ഞ് നാട്ടുകാര്‍
വെഞ്ഞാറമൂട് : പട്ടാപകല്‍ നാട്ടിലും വീട്ടിലും കറങ്ങി നടക്കുന്ന വാനരന്‍മാര്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. വെമ്പായം മാണിക്കല്‍ പഞ്ചായത്തുകളിലെ മദപുരം, ചീരാണിക്കര, തേക്കട, കറ്റ എന്നിവിടങ്ങളില്‍ ആണ് കുരങ്ങു ശല്യം വര്‍ധിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇവ കൂട്ടത്തോടെ എത്തി ശല്യമുണ്ടാക്കുന്നു. മദപുരം മേഖലയില്‍ നൂറുകണക്കിന് കുരങ്ങുകളാണ് കൂട്ടമായി എത്തുന്നത്.
ആള്‍പ്പാര്‍പ്പുള്ള മേഖലയിലെ വീടുകളിലാണ് ഇവരുടെ നിത്യസന്ദര്‍ശനം. കാര്‍പോര്‍ച്ചില്‍ കിടക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുക, അലക്കി വിരിച്ചു കിടക്കുന്ന തുണികള്‍ എടുത്തോണ്ടു പോകുക, വീടുകളിലേക്കുള്ള സര്‍വിസ് വയറുകള്‍ കടിച്ചു പൊട്ടിക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ നിരന്തരം ചെയ്തു വരുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
അടുക്കള ഭാഗത്തും വീടിനുള്ളിലും ഇവ കയറാന്‍ ശ്രമം നടക്കുന്നു. കുട്ടികള്‍ പുറത്ത് നിന്നാല്‍ ഇവ വിരട്ടിയോടിക്കാന്‍ ശ്രമിക്കും. നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ച കാര്‍ഷികവിളകള്‍ നിഷ്‌ക്കരുണം വാനരക്കൂട്ടം നശിപ്പിക്കുന്നത് നോക്കിനില്‍ക്കാനേ നാട്ടുകാര്‍ക്കാവുന്നുള്ളൂ.
റബ്ബറുകളും വാഴയും തേങ്ങകളും മാത്രമല്ല കിഴങ്ങുവിളകളും ഇവ ഇപ്പോള്‍ നശിപ്പിക്കുകയാണ്. മദപുരം, ചീരാണിക്കര മേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെയാണ് ഇവിടങ്ങളില്‍ കുരങ്ങ് ശല്യം വര്‍ധിച്ചത്. പ്രദേശത്തൊന്നും വനം ഇല്ലങ്കിലും ഇവ എവിടെനിന്നും എത്തുന്നതെന്നാണ് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തത്. ഓരോദിവസം കഴിയും തോറു കുരങ്ങുകളുടെ എണ്ണം ഇവിടെ പെരുകുകയാണ്.
ചില ദിവസങ്ങളില്‍ ആയിരത്തോളം കുരങ്ങുകളാണ് ഇവിടെ കൂട്ടമായി എത്തുന്നത്. വീടുകളെ ഒഴിഞ്ഞ് പോകുന്നതിനെ കുറിച്ചുള്ള ചിന്തയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."