മത്സ്യവില്‍പനക്കായി 'നിലംതൊടാതെ' ഇരുചക്രവാഹനങ്ങള്‍; തീരദേശ റോഡുകളില്‍ അപകടങ്ങള്‍ പതിവാകുന്നു
പെരുമാതുറ: വില്‍പനക്കായി മത്സ്യങ്ങളുമായി പോകുന്ന ഇരുചക്രവാഹനങ്ങളുടെ അമിതവേഗത കാരണം അപകടങ്ങള്‍ പതിവാകുന്നു. ജില്ലയിലെ തീരദേശ റോഡുകളിലും ഇവിടെ നിന്നും ഇടറോഡുകളിലൂടെ ദേശിയ പാതയിലേക്കുമുള്ള യാതൊരു വിധ നിയന്ത്രണവുമില്ലാത്ത വാഹന ഡ്രൈവിങ് ആണ് നിരന്തരം അപകടങ്ങളുണ്ടാക്കുന്നത്.
മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖം, മര്യനാട്, പുതുക്കുറുച്ചി, വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നും മത്സ്യമെടുത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ചന്തകളില്‍ വില്‍പ്പന നടത്തുന്നതിന് പോകുന്ന ഇരുചക്രവാഹനങ്ങളാണ് യാതൊരു വിധ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെയും അമിതവേഗതയിലും അപകടത്തില്‍പ്പെടുന്നത്. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്നും മര്യനാട് തീരത്ത് നിന്നും പോകുന്ന ഇരുചക്രവാഹനങ്ങളാണ് മിക്ക സമയങ്ങളിലും അപകടത്തില്‍പെടുന്നത്.
മത്സ്യ ലോഡുമായി ചീറി പാഞ്ഞ് വരുന്ന ഇരുചക്രവാഹനം വരുന്നത് കണ്ടാല്‍ എതിരേ വരുന്ന വലിയ വാഹനങ്ങള്‍ പോലും വഴിമാറികൊടുക്കേണ്ട അവസ്ഥയാണ്.
രാവിലെ എട്ടു മുതല്‍ പത്തു വരെയാണ് ഇവരുടെ പരക്കംപാച്ചില്‍. ഭൂരിഭാഗം മത്സ്യ കച്ചവടക്കാര്‍ക്കും വാഹന ലൈസന്‍സില്ലെന്ന് പരക്കേ ആരോപണമുണ്ട്. പലരും മദ്യലഹരിയിലുമാണ് മത്സ്യം കയറ്റിയ ഇരുചക്രവാഹനവുമായി അമിത വേഗതയില്‍ നാട്ടുകാരെ ഭയപ്പെടുത്തി കൊണ്ട് പോകുന്നത്.
ഇവരെ നിയന്ത്രിക്കാത്ത പക്ഷം വന്‍ അപകടങ്ങള്‍ നടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. രാവിലെ എട്ടു മുതല്‍ പത്തു വരെ സ്‌കൂള്‍ കുട്ടികളുടെ തിരക്കാണ് റോഡുകളില്‍. സ്‌കൂളുകളുടെ മുന്നിലൂടെ പോകുന്ന മത്സ്യ വാഹനങ്ങള്‍ പോലും യാതൊരു നിയന്ത്രണവും പാലിക്കാറില്ല.
മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ ഏത് അവസ്ഥയിലായിരുന്നാലും പൊലിസ് തടയാറില്ല. ഇത് ഇത്തരക്കാര്‍ക്ക് ഏറേ സഹായകമാകുന്നു. പൊലിസ് സ്റ്റേഷനുകളിലെ മുന്നില്‍ പോലും ഇത്തരക്കാര്‍ വാഹനമോടിക്കുന്നത് ഏറെ ഭീതി പരത്തുന്നുണ്ടെന്ന് പൊലിസ് തന്നെ പറയുന്നു. പക്ഷേ ഇതിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലിസ് അലസതയാണ് കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."