ഹജ്ജ്: മക്ക റൂട്ട് പദ്ധതി അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രം
ജിദ്ദ: വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഊദിയിലേക്ക് പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടി ക്രമങ്ങളും സ്വദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് മുന്‍കൂട്ടി പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഈ വര്‍ഷം അഞ്ചു രാജ്യങ്ങളില്‍ നടപ്പാക്കും. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്താന്, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലാണ് ഈ വര്‍ഷം മക്ക റൂട്ട് പദ്ധതി നടപ്പാക്കുക. ഈ വര്‍ഷം പദ്ധതി ഗുണഭോക്താക്കളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ തീര്‍ഥാടകരെയും ഉള്‍പ്പെടുത്തുന്നതിന് ആലോചനകളും നീക്കങ്ങളും നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ക്ക് പരീക്ഷണാര്‍ഥം നടപ്പാക്കിയ പദ്ധതി വലിയ വിജയമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ രാജ്യങ്ങളിലേക്ക് ഈ വര്‍ഷം പദ്ധതി വ്യാപിപ്പിക്കുന്നത്.
സഊദിയിലേക്കുള്ള പ്രവേശന നടപടി ക്രമങ്ങളെല്ലാം സ്വദേശങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വച്ചു തന്നെ പൂര്‍ത്തിയാക്കുന്നതു വഴി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ ഇറങ്ങിയാലുടന്‍ ആഭ്യന്തര യാത്രക്കാരെ പോലെ ഹാജിമാര്‍ക്ക് വേഗത്തില്‍ പുറത്തിറങ്ങി ബസുകളില്‍ താമസസ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാന്‍ സാധിക്കും. എമിഗ്രേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് ജവാസാത്ത് അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ കൗണ്ടറുകള്‍ക്കു മുന്നില്‍ തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരില്ല. തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതോടൊപ്പം ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിനും പദ്ധതി സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."