കുല്‍ഭൂഷണ്‍ കേസ്: ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് തെറ്റെന്ന് മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ കാര്യത്തില്‍ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ഗുരുതരമായ തെറ്റാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്‍ഭൂഷണിനെതിരായ പാക് നീക്കത്തിന് തിരിച്ചടി നേരിട്ടത് ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയുടെ വിജയമായി ജനങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം പാകിസ്താന്റെ കൈയില്‍ എത്തിച്ചുകൊടുക്കുന്നതുപോലെയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് കട്ജു ഇത്തരത്തില്‍ പ്രതികരിച്ചത്.
ഒട്ടനവധി വിഷയങ്ങളില്‍ പാകിസ്താന്‍ ഇനി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചേക്കാം. ഇക്കാര്യം തിരിച്ചറിഞ്ഞ് നീതിന്യായ കോടതിയുടെ അധികാര പരിധി സംബന്ധിച്ച് പാകിസ്താന്‍ കൂടുതല്‍ എതിര്‍പ്പ് ഉയര്‍ത്താനും സാധ്യതയില്ലെന്ന് കട്ജു പറയുന്നു.
കശ്മിര്‍ തര്‍ക്ക പരിഹാരത്തിനായി പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇങ്ങനെയുണ്ടായാല്‍ അത് കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണ് എന്ന് വ്യക്തമാക്കി ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
ഇന്ത്യ എല്ലാകാലത്തും എതിര്‍ത്തുപോന്ന എല്ലാ വിഷയങ്ങളിലും പാകിസ്താന്‍ ഇനി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന സംശയവും അദ്ദേഹം മുന്നോട്ടുവച്ചു. ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് തിന്മയുടെ പേടകം തുറന്നുവിട്ടതിന് തുല്യമാണെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."