മൊബൈല്‍ കടയില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
മണ്ണഞ്ചേരി: കലവൂരില്‍ മൊബൈല്‍ കടയുടെ ഭിത്തി തുരന്ന് ഫോണുകള്‍ കവര്‍ന്ന കേസില്‍ രണ്ട് യുവാക്കളെ മണ്ണഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തു.
മണ്ണഞ്ചേരി പഞ്ചായത്ത് ആര്യാട് നോര്‍ത്ത് കോളനിയില്‍ നിന്നും മാരാരിക്കുളം ബീച്ച് ജങ്ഷന് വടക്ക്ഭാഗത്ത് വാടകക്ക് താമസിക്കുന്ന അജയരാജ്(കുഞ്ഞ്‌കൊച്ച്-30),കലവൂരില്‍ തട്ടുകട നടത്തുന്ന മണ്ണഞ്ചേരി 21-ാം വാര്‍ഡില്‍ മണിമലവെളി നിജാസ്(അച്ചു-21)എന്നിവരെയാണ് എസ്.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അജയരാജ് കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്.
കഞ്ചാവ് ഉപയോഗിച്ചതിന് പ്രതികളുടെ പേരില്‍ മണഞ്ചേരി സ്റ്റേഷനിലും എക്‌സൈസിലുമായി നിരവധി കേസുകളുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ കലവൂര്‍ ബസ്റ്റാന്റിന് സമീപം രാജായുടെ ഉടമസ്ഥയിലുള്ള മൊബൈല്‍ വേള്‍ഡ് കടയില്‍ നിന്നും ആന്‍ഡ്രോയിഡ് ഇനത്തില്‍പെട്ട 72000 രൂപ വില വരുന്ന ഒന്‍പത് ഫോണുകളാണ് മോഷ്ടിച്ചത്. കടയുടെ പുറകുവശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
ചേര്‍ത്തല ഡിവൈ.എസ്.പി.എ ജി ലാലിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് പ്രതികള്‍ പിടിയിലായത്. സൈബര്‍ സെല്ലിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. സമീപത്തെ കടയില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും വ്യക്തത കുറവായതിനാല്‍ ശാസ്ത്രിയമായി കൃത്യമായ പ്രിന്റ് വികസിപ്പിച്ചെടുത്തത് പ്രതികളെ കണ്ടെത്താന്‍ പ്രയോജനമായി.
സമാന കുറ്റകൃത്യ പശ്ചാത്തലമുള്ളവരെയും കഞ്ചാവ് ഉപയോഗിക്കുന്നവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഫലപ്രാപ്തിയിലെത്തിയത്. മോഷ്ടിച്ച മൊബൈലുകള്‍ ഒളിപ്പിച്ച് വെച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തു.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജയകുമാര്‍,സി.പി.ഒമാരായ ഷാനവാസ്,വിപിന്‍ദാസ്,അരുണ്‍,സനോജ്,ബിനോജ്,സന്തോഷ്,ജോജോ,കൃഷ്ണകുമാര്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."