കഅ്ബാലയ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നു; ദുല്‍ഖഅദ് അഞ്ചിന് പൂര്‍ത്തിയാകും
മക്ക: ലോക മുസ്ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബയുടെ അറ്റകുറ്റ പണികള്‍ പുരോഗമിക്കുന്നു. 150 കോടിയിലേറെ വരുന്ന മുസ്ലിംകള് അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും ഐച്ഛിക നമസ്കാരങ്ങള്‍ക്കും മുഖം തിരിക്കുന്ന ഖിബ്ലയായ വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണി ജോലികള്‍ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ശവ്വാല്‍ മധ്യത്തോടെ ആരംഭിച്ചത്. പകുതിയിലധികം പണികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ജോലികള്‍ ദുല്‍ഖഅ്ദ അഞ്ചിന് (ജൂലൈ 8) പൂര്‍ത്തിയാകും. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര് ബിന്‍ സുല്‍ത്താന്‍ രാജകുമാരന് വിശുദ്ധ കഅ്ബാലയം സന്ദര്‍ശിച്ചു അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി.
വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റലും മര ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികളും അടക്കമുള്ള ജോലികളാണ് നടത്തുന്നത്. വാതില്‍ റിപ്പയറിങ്,
കഅ്ബക്കകത്തെ മാര്‍ബിളുകള്‍ മാറ്റല്‍, ഉള്ളിലെ മരങ്ങള്‍ പോളിഷ് ചെയ്യല്‍ തുടങ്ങിയ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചും വിദഗ്ധരുടെ മേല്നോട്ടലും മികച്ച നിലവാരത്തില്‍ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."