കൊല്ലം-തേനി ദേശീയപാത തകര്‍ന്നു
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത തകര്‍ന്ന് അപകടം പതിവാകുന്നു. താമരക്കുളം ചാരുംമൂട് റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. പ്രധാന പട്ടണമായ ചാരുംമൂട് ജങ്ഷനില്‍ തന്നെ കുഴികള്‍ രൂപപ്പെട്ടിട്ടും നാളുകളേറെയായി.
ചാരുംമൂട്ടില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പാതയുടെ ചുനക്കര കോട്ടമുക്ക് പോസ്റ്റ് ഓഫിസ് ജങ്ഷന് വടക്ക് വശം വന്‍ കുഴികള്‍ അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്.
നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് വൈകുന്നേരങ്ങളില്‍ സ്‌ക്കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഭാഗത്ത് കൂടി കാല്‍നടയായി സഞ്ചരിക്കുന്നുമുണ്ട്.
എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഈ കുഴിയില്‍ വീഴാതിരിക്കാന്‍ പെട്ടന്ന് വെട്ടിച്ച് മാറ്റുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മാങ്കാംകുഴി നാലുമുക്ക് ജങ്ഷനിലും റോഡിന്റെ ഒരു ഭാഗത്ത് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപണികള്‍ നടത്താന്‍ ഇതുവരെയും അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കൊല്ലം-തേനി 'മരണപ്പാത 'യില്‍ താമരക്കുളം ചാവടി ജങ്ഷനില്‍ റോഡ് അതിഭീകരമായവിധത്തില്‍ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു.
പരാതി കൊടുത്തിട്ടും എന്‍.എച്ച് എന്‍ജിനീയര്‍ക്ക് യാതൊരു കുലക്കവുമില്ല. ചാവടി സ്‌കൂളിന് മുന്‍പിലായുള്ള ഈ രണ്ട് കുഴികളില്‍ ബൈക്കുകാര്‍ വീണാല്‍ മരണം ഉറപ്പാണ്.വലിയ വാഹനങ്ങള്‍ ഈ ഗട്ടറുകള്‍ ഒഴിവാക്കാനായി വെട്ടിക്കുന്നത് ഭീതിയോടെയാണ് കാണുന്നത്.
ഭരണിക്കാവ് ഭാഗത്ത് ഇതിലും വലിയ ഗതികേടാണ്. ടാറിങ് പൂര്‍ണമായും ഇളകിമാറിയിരിക്കുന്നു.രണ്ടര വര്‍ഷം മുന്‍പ് കിലോമീറ്ററിന് 80 ലക്ഷം രൂപ നിരക്കിലാണ് ഈ റോഡ് ടെണ്ടര്‍ നല്‍കിയിരുന്നത്. ഇതിന്റെ നിര്‍മാണത്തിലെ അപാകത അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണിക്കാവില്‍ നിന്നും കൊല്ലകടവ് വരെ ദേശീയപാത വഴി യാത്ര ചെയ്യുന്നവര്‍ അപകട ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഈ പാതയുടെ നിര്‍മാണത്തില്‍ നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ മുജീബ് റഹ്മാന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ആറ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പ് തല നടപടിയെടുത്തിരുന്നു കൊല്ലം ജില്ലയിലെ കടപുഴ മുതല്‍ ആലപ്പുഴ ജില്ലയിലെ കൊല്ലകടവ് ജങ്ഷന്‍ വരെയുള്ള റോഡിന്റെ നിര്‍മാണത്തില്‍ .പത്ത് കോടി രൂപയുടെ ക്രമക്കേട് നടന്നതായി കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത് ഈ ഭാഗങ്ങളിലാണ് ഇപ്പോള്‍ ടാര്‍ ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."