മൈക്രോഫിനാന്‍സ്: സൈബര്‍ പോരാളികളെ അണിനിരത്തി പ്രതിച്ഛായ കാക്കാന്‍ വെള്ളാപ്പള്ളി സി.പി. സുബൈര്‍
മലപ്പുറം: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ പിടിവീഴുമെന്ന് ഉറപ്പായ വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ സൈബര്‍ പോരാളികള്‍ രംഗത്ത്. വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന സൈബര്‍ പോരാളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ പ്രചാരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കേസില്‍ ഒന്നാം പ്രതിയായതോടെ ഏതുനിമിഷവും പിടിവീഴുമെന്ന അവസ്ഥയിലാണ് വെള്ളാപ്പള്ളി. കേസ് മുറുകയിതോടെ പ്രതിരോധത്തിലായ എസ്.എന്‍.ഡി.പി യോഗം നേതൃത്വം സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്.
യോഗത്തിനെ അനുകൂലിക്കുന്നവരേയും യോഗത്തിനു കീഴിലുള്ളവരേയും സൈബര്‍ പോരാളികളാക്കിയാണ് പുതിയ നീക്കം. അറസ്റ്റിലായാല്‍ താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് അറസ്‌റ്റെന്നും വരുത്തിത്തീര്‍ത്ത് യോഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇമേജ് നിലനിര്‍ത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. വെള്ളാപ്പള്ളി വിഭാവന ചെയ്ത മൈക്രോഫിനാന്‍സ് പൊട്ടിയതിന് വെള്ളാപ്പള്ളി ഉത്തരവാദിയാകുന്നതെങ്ങനെയെന്ന് ചോദ്യമാണ് പ്രധാനമായും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വായ്പ വാങ്ങിയയാള്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ബാങ്ക് പ്രസിഡന്റോ സെക്രട്ടറിയോ ഭരണസമിതിയോ കുറ്റക്കാരാണെന്ന് പറഞ്ഞ് അവരെ ശിക്ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉദാഹരണമായി സൈബര്‍സേന നിരത്തുന്നത്.
മൈക്രോഫിനാന്‍സ് പദ്ധതി എസ്.എന്‍.ഡി.പി യോഗത്തിന്റെ കണ്ടുപിടിത്തമല്ലെന്ന പോസ്റ്റില്‍, മൈക്രോഫിനാന്‍സ് 1800 കളില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍ തുടങ്ങിയതാണെന്നും ചെറിയ സമ്പാദ്യപദ്ധതി എന്ന രീതിയില്‍ കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കുമിടയില്‍ വായ്പാ പദ്ധതിയിലൂടെ വന്‍ മുന്നേറ്റം നടത്തിയ മഹദ് സംരംഭമായിരുന്നുവെന്നും സമര്‍ഥിക്കുന്നു.
രണ്ടാം ലോകയുദ്ധ കാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും പരിഹരിച്ചത് ഈ പദ്ധതിയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.
1983ല്‍ മുഹമ്മദ് യൂനുസ് എന്ന സാമ്പത്തിക വിദഗ്ധന്‍ ബംഗ്ലാദേശില്‍ നടപ്പാക്കിയ പദ്ധതിയാണിത്. പിന്നീട് പടര്‍ന്നുപന്തലിച്ച് ഇന്നത്തെ മൈക്രോഫിനാന്‍സ് പദ്ധതിയാവുകയായിരുന്നു, എന്നിങ്ങനെ നീളുന്നു വിശദീകരണങ്ങള്‍.
മൈക്രോഫിനാന്‍സ് പദ്ധതി വെള്ളാപ്പള്ളിയുടെ പദ്ധതിയാണെന്ന രീതിയിലാണ് യോഗം അംഗങ്ങള്‍ക്കിടയിലും മറ്റും പ്രചാരം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."