കോടതിവിധിയെ തള്ളി ഹയര്‍സെക്കന്‍ഡറി വകുപ്പ്; പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടിയില്ല
പൊന്നാനി: സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂണ്‍ അഞ്ചു വരെ നീട്ടി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ഹയര്‍സെക്കന്‍ഡറി വകുപ്പ് ഗൗനിച്ചില്ല.
പ്രവേശന നടപടികള്‍ 23ന് തന്നെ അവസാനിപ്പിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാണ് ഇന്നലെ അവര്‍ ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത് .
കോഴിക്കോട് ജില്ലയില്‍നിന്നുള്ള ഒരു സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളുമാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപ്പിച്ചത്. ഇതുപ്രകാരം ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കാന്‍ ജൂണ്‍ അഞ്ചുവരെ സമയം നീട്ടി നല്‍കിയിരുന്നു.
സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടിട്ടില്ല. കേരളത്തിലെ വിദ്യാര്‍ഥികളുടേത് മാത്രമായി റിസള്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സി.ബി.എസ്.ഇ അധികൃതര്‍ ഇത് ഗൗനിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെല്ലാം പൊതു സിലബസില്‍ അപേക്ഷിക്കാന്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിച്ചിരുന്നു. ഇത്തവണയാണ് അതില്ലാതായത്. ഇപ്പോള്‍ കോടതി ഇടപെട്ടിട്ടും വകുപ്പ് അത് കാര്യമായി എടുത്തില്ലെന്നാണ് ഇന്നലെ ഇറങ്ങിയ സര്‍ക്കുലറില്‍നിന്നു വ്യക്തമാവുന്നത്. പുതിയ സര്‍ക്കുലര്‍ ഇറങ്ങിയതോടെ വിവിധ സ്‌കൂള്‍ അധികൃതരും ആശങ്കയിലാണ്.
ഈ മാസം 22ന് വൈകിട്ട് അഞ്ചു മണിവരെയാണ് വെരിഫിക്കേഷന്റെ അവസാന സമയം. പുതിയ സര്‍ക്കുലറില്‍ അപേക്ഷാ സമയം നീട്ടിയതിനെക്കുറിച്ച് ഒന്നും പറയാത്തതിനാല്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു സിലബസില്‍ ഹയര്‍സെക്കന്‍ഡറിക്ക് അപേക്ഷിക്കാനാവില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാതെ വിദ്യാര്‍ഥികള്‍ക്കിനി അപേക്ഷിക്കാനാവില്ല. ജൂണ്‍ അഞ്ചു വരെ അപേക്ഷിക്കേണ്ട സമയം നീട്ടിയതില്‍ ആശ്വസിച്ചിരുന്ന അരലക്ഷത്തോളം സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ പുതിയ സര്‍ക്കുലര്‍ ഇറങ്ങിയതോടെ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."