യു.എസില്‍ കൊവിഡ് വാക്സിനേഷന് ഡിസംബര്‍ 11ന് തുടങ്ങും
വാഷിങ്ടണ്‍: കൊവിഡ് വാക്സിനേഷന് ഡിസംബര്‍ പകുതിയോടെ തുടങ്ങുമെന്ന് യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഫെഡറല്‍ വാക്സിന് ഡെവലപ്മെന്റ് പ്രോഗ്രാം തലവന്‍ ഡോ. മോന്സിഫ് സ്ലവോയിയാണ് സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വാക്സിന്റെ അടിയന്തര ഉപയോഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫൈസര്‍- ബയോഎന്‍ടെക് കമ്പനികള്‍ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്) യ്ക്ക് അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് ഡോ. മോന്സിഫ് സ്ലവോയിയുടെ പ്രതികരണം. വാക്സിന് 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശപ്പെട്ടിരുന്നു.
എഫ്.ഡി.എയുടെ വാക്സിന് ഉപദേഷ്ടാക്കള്‍ ഡിസംബര്‍ എട്ടു മുതല്‍ 10 വരെ യോഗം ചേരുന്നുണ്ട്. അതിനു ശേഷം വാക്സിനേഷന് നടപടി ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബര്‍ 11 നോ 12 നോ അംഗീകാരം ലഭിക്കുമെന്നും അംഗീകാരം ലഭിച്ച് 24 മണിക്കൂറിനകം ഷിപ്പിങ്ങ് ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്നും ഡോ. മോന്സിഫ് സ്ലവോയി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."