കേരള പോലീസ് നിയമ ഭേദഗതി പൗരസ്വാതന്ത്ര്യ ധ്വംസനം: ജിദ്ദ പ്രവാസി സാംസ്‌കാരിക വേദി
ജിദ്ദ: കേരള പോലീസ് നിയമ ഭേദഗതി പൗരസ്വാതന്ത്ര്യ ധ്വംസനവും പൗരാവകാശങ്ങളെ കൂച്ചുവിലങ്ങിടുന്നതുമാണെന്നും, അതു കൊണ്ടു തന്നെ ഈ കരിനിയമത്തിന്നെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും അണിചേരുകയും എതിർത്തു തോൽപിക്കാൻ മുന്നോട്ടു വരികയും ചെയ്യേണമെന്നും പ്രവാസി സാംസ്‌കാരിക വേദി സഊദി വെസ്‌റ്റേൺ പ്രോവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
നാഴികയ്ക്ക് നാൽപതു വട്ടം ജനാധിപത്യത്തെ കുറിച്ചും പൗരാവകാശത്തെ കുറിച്ചും ഗിരിപ്രഭാഷണം നടത്തുന്ന ഇടതുപക്ഷ ഗവണ്മെന്റിന്റെ ഇരട്ടത്താപ്പ് ഒരിക്കൽ കൂടി വെളിവാകുകയാണ്.
സ്വന്തം ചെയ്തികൾ സമൂഹത്തിന്റെ മുന്നിൽ നാൾക്കുനാൾ വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അതിനെ മൂടിവെക്കാനും ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും ഇങ്ങിനെയുള്ള കരിനിയമങ്ങൾ കൊണ്ട് കഴിയുമെന്നാണ് പിണറായി സർക്കാർ ചിന്തിക്കുന്നതെങ്കിൽ അതിനെ എതിർത്തു തോൽപിക്കേണ്ടത് മുഴുവൻ ജനാധിപത്യ പൗരാവകാശ പ്രവർത്തകരുടെയും കടമയാണ്.
ഒരു ഇടതു പക്ഷ ഗവൺമെന്റ് ഫാസിസ്റ്റ് മാർഗ്ഗത്തിൽ എങ്ങിനെ ചലിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിണറായി സർക്കാർ, സ്തുതിപാഠകരെ കൊണ്ടും പ്രതിച്ഛായാ മാനേജ്‌മെന്റ് വഴിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തന്നെ നാശത്തിലേക്കെത്തിക്കാനുള്ള നീക്കം ചോദ്യം ചെയ്യാനുള്ള ബാധ്യത ഇടതു ചിന്തകർ നിറവേറ്റണമെന്നും പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."