നേതൃ ദാരിദ്ര്യം നേരിടുന്ന കോണ്‍ഗ്രസ്
ഇന്ത്യയിലെ മതേതര- ജനാധിപത്യ ചിന്താധാരയോട് പോരായ്മകളുണ്ടെങ്കിലും ഏറ്റവുമധികം ഒട്ടിനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ഒരു മാസമായി സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തായാലും ശരി, ആ പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും കണ്ടുനില്‍ക്കാന്‍ കഴിയുന്നതല്ല. എന്‍.ഡി.എയ്ക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷം ലഭിക്കുകയും രാജ്യസഭയില്‍ ബഹുഭൂരിപക്ഷം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ഉത്തരവാദപ്പെട്ട പ്രതിപക്ഷകക്ഷി എന്ന നിലയ്ക്ക് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട കോണ്‍ഗ്രസ്, നാഥനില്ലാക്കളരിയായ സാഹചര്യം തെല്ലൊന്നുമല്ല അതിന്റെ പ്രവര്‍ത്തകരെ വേദനിപ്പിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ പ്രത്യക്ഷത്തില്‍ തന്നെ ജനവികാരമുണ്ടായിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷ നേതൃപദവിക്ക് അവകാശവാദം ഉന്നയിക്കാന്‍ പോലും കഴിയാത്തവിധം കോണ്‍ഗ്രസ് മെലിഞ്ഞുണങ്ങി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മെയ് 25ന് പാര്‍ട്ടി അധ്യക്ഷപദവിയില്‍ നിന്ന് രാഹുല്‍ഗാന്ധി രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസില്‍ നേതൃത്വമില്ലാത്ത അവസ്ഥയാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും അതുവരെ പദവിയില്‍ തുടരുമെന്നും പ്രഖ്യാപിച്ചായിരുന്നു രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരും വാര്‍ഡ് ഭാരവാഹികളും മുതല്‍ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാഗാന്ധി വരെയുള്ളവര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇതുവരെ രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിറകോട്ടു പോയിട്ടില്ല. അമ്മയും കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയുമായ സോണിയാഗാന്ധി മുതല്‍ യു.പി.എയിലെ ഘടകകക്ഷികളും ബി.ജെ.പി വിരുദ്ധ ചേരിയിലെ പ്രതിപക്ഷ നേതാക്കളുമെല്ലാം പാര്‍ട്ടി അധ്യക്ഷപദവിയില്‍ തുടരണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും രാഹുല്‍ കുലുങ്ങിയിട്ടില്ല.
ഇതിനിടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നു. മഹാഭൂരിപക്ഷമുള്ളതിനാല്‍ ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഭരണപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ ഭരണകക്ഷിയുടെ അനുഭാവികളും പ്രവര്‍ത്തകരും ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ന്യൂനപക്ഷമതക്കാരെ സംഘംചേര്‍ന്ന് ആക്രമിക്കുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് ദിനേന വന്നുകൊണ്ടിരിക്കുന്നത്. വിഷയം ലോക്‌സഭയില്‍ ശക്തമായി ഉന്നയിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ല. ഗുലാംനബി ആസാദ് രാജ്യസഭയില്‍ വിഷയം ശക്തമായി ഉന്നയിച്ചത് മറക്കുന്നില്ല. നടപ്പുസമ്മേളനത്തില്‍ പ്രതിപക്ഷത്തു നിന്ന് തൃണമൂലിന്റെ യുവ എം.പി മഹുവ മോയിത്ര മാത്രമാണ് സര്‍ക്കാരിനെതിരേ എടുത്തുപറയേണ്ട ഒരു പ്രസംഗം നടത്തിയത്.
നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസിനെ എന്നും ജനകീയമായി നിര്‍ത്തുന്നതില്‍ വലിയൊരു പങ്കുള്ള നെഹ്‌റു കുടുംബത്തോടുള്ള ആദരവും കടപ്പാടും ഉപേക്ഷിച്ച് ആ കുടുംബത്തിനു പുറത്തുനിന്നുള്ള ഒരു അധ്യക്ഷന്‍ വരുന്നതില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒട്ടും താല്‍പ്പര്യമില്ല താനും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തെ കാണും പോലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഹ്‌റു കുടുംബത്തെ കാണുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത വ്യക്തി കോണ്‍ഗ്രസ് പ്രസിഡന്റായപ്പോഴൊക്കെയും പാര്‍ട്ടിയില്‍ ഗ്രൂപ്പിസം ശക്തമായിട്ടുണ്ട്. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പിസം കോണ്‍ഗ്രസിന് ഒഴിയാബാധയാണെങ്കിലും ദേശീയ നേതൃത്വത്തില്‍ ഈയൊരു പ്രതിഭാസമില്ലാത്തത് നെഹ്‌റു കുടുംബാംഗം അധ്യക്ഷനായത് കാരണമാണ്.
കേരളവും പഞ്ചാബും ഒഴികെയുള്ള സംസ്ഥാനങ്ങളിലൊക്കെയും കോണ്‍ഗ്രസിലെ അവസ്ഥ പ്രശ്‌ന സങ്കീര്‍ണമാണ്. പാര്‍ട്ടി ഭരണത്തിലുള്ള കര്‍ണാടകയില്‍ പി.സി.സി ഘടകത്തെ മൊത്തമായി എ.ഐ.സി.സി പിരിച്ചുവിട്ടു. യു.പിയില്‍ ജില്ലാ ഘടകങ്ങളെ പിരിച്ചുവിട്ടു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഭരണത്തിലും പ്രകടമാണ്. മധ്യപ്രദേശില്‍ സര്‍ക്കാരിനെ ഏതുസമയത്തും അട്ടിമറിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മഹാരാഷ്ട്രയും ഹരിയാനയും ഏറെക്കാലം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളാണ്. ഈ മൂന്നുസംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി നേരത്തെ ഒരുക്കം തുടങ്ങിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല. രാഹുല്‍ തുടരണമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിവയുടെ സംസ്ഥാന അധ്യക്ഷരും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും ഉള്‍പെടെയുള്ള അന്‍പതോളം ഉന്നത നേതാക്കള്‍ രാജിവയ്ക്കുകയുണ്ടായി.
ചുരുക്കത്തില്‍ ബി.ജെ.പി ഉഗ്രരൂപം പൂണ്ട് മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരുടെ റോളിലാണിപ്പോള്‍. പ്രതിപക്ഷ ഏകീകരണം ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ കോണ്‍ഗ്രസ് അതിനു നേതൃത്വം നല്‍കുന്നില്ല, നേതൃത്വം നല്‍കാന്‍ ആളുമില്ല. രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന ആശങ്കയായിരുന്നു പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തോടെ അദ്ദേഹം പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമോ എന്നത്. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നടപടികള്‍ നോക്കിക്കാണുമ്പോള്‍, പാര്‍ട്ടി ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തില്‍ ഓടിയൊളിക്കുകയാണോ രാഹുലെന്ന് തോന്നും. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ കെടുത്താതെ കരുത്തുകാട്ടാന്‍ ലഭിച്ച ഈ അവസരം വൈകിയ വേളയിലെങ്കിലും വിനിയോഗിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. അതിനു രാജിതീരുമാനം പിന്‍വലിച്ച് കൂടുതല്‍ കരുത്തോടെ അധ്യക്ഷപദവിയില്‍ തുടരുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."