ദലിത് പ്രക്ഷോഭ രംഗത്ത് ഭീം ആര്‍മി; മീശപിരിച്ച് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: ദലിത് മുന്നേറ്റ രംഗത്ത് പുത്തന്‍ പ്രതീക്ഷയുണര്‍ത്തി ഭീം ആര്‍മി. ഉത്തര്‍പ്രദേശുകാരന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് പുതിയ ദലിത് സംഘടനയ്ക്ക് രൂപം കൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ സഹറന്‍പുറിലെ ദലിത് വിവേചനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഡല്‍ഹി ജന്ദര്‍മന്തറില്‍ നടത്തിയ പ്രക്ഷോഭത്തില്‍ അണി നിരന്നത് ആയിരങ്ങളാണ്. ഡല്‍ഹി പൊലിസിന്റെ അനുമതി നിഷേധത്തെയും മറികടന്നാണ് വിവിധ ദലിത് സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്നത്.
ജനങ്ങളെ പ്രകോപിപ്പിച്ച് ഒരുമിപ്പിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലിസ് ചന്ദ്രശേഖര്‍ ആസാദിനെ പിടികൂടാന്‍ നടക്കുകയായിരുന്നു. എന്നാല്‍ പൊലിസിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ഡല്‍ഹി പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ദലിത് വിരുദ്ധ, ജാതി ചൂഷണ നീക്കങ്ങള്‍ക്കെതിരെ യോഗം ശക്തമായ താക്കീതു നല്‍കി.
ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി, മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തതായി വിവിധ റിപ്പോര്‍ട്ടുകളുണ്ട്.
യോഗം ചേരാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതില്‍ പൊലിസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്റിനു ചുറ്റും ബാരിക്കേഡുകള്‍ തീര്‍ക്കുകയും സായുധ പൊലിസിനെയും അര്‍ധസൈനികരെയും വിന്യസിക്കുകയും ചെയ്തു.
ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്തത് അരലക്ഷത്തിലധികം ദലിതുകള്‍
ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന ദലിത് പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന മറ്റൊരു വലിയ ദലിത് മുന്നേറ്റമാണിത്. ഇന്നു നടന്ന പ്രക്ഷോഭത്തില്‍ പൊലിസിന്റെ അനുമതി നിഷേധമുണ്ടായിട്ടും അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തിട്ടുണ്ടാവുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മീശവിരിച്ചു നില്‍ക്കുന്ന ചന്ദ്രശേഖര്‍ ആസാദാണ് ഇത്രയും വലിയ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. കഴിഞ്ഞ ഒന്‍പതിന് അദ്ദേഹം പ്രചരിപ്പിച്ച വാട്‌സ്ആപ്പ് ഓഡിയോയുടെ പേരില്‍ പൊലിസ് തെരഞ്ഞു നടക്കുകയായിരുന്നു. അംബേദ്കറിന്റെ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍ ജന്ദര്‍മന്തറില്‍ ഒരുമിച്ചു കൂടൂയെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു അത്.
അരലക്ഷത്തിലും അധികം പേര്‍ എത്തുമെന്നു കണ്ടതിനാലാണ് പൊലിസ് അനുമതി നിഷേധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ജന്ദര്‍മന്തറില്‍ ഇത്രയും ആളുകള്‍ക്ക് കൂടാനാവില്ല. അരലക്ഷത്തിലും കൂടുതല്‍ പേര്‍ യോഗത്തില്‍ സംബന്ധിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി ന്യൂഡല്‍ഹി ജില്ലാ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ബി.കെ സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."