ജാതി വിവേചനം: തമിഴ്‌നാട്ടില്‍ 250 ദലിത് കുടുംബങ്ങള്‍ മതം മാറുന്നു
ചെന്നൈ:ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ 250 ദലിത് കുടുംബങ്ങള്‍ മതം മാറുന്നു. രണ്ടു ഗ്രാമങ്ങളിലെ ദലിതരാണ് ഇസ്‌ലാം മതം സ്വീകരിക്കാന്‍ പദ്ധതിയിടുന്നത്.
ദലിതരായതിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പഴങ്കള്ളിമേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളിലെ ദലിതര്‍ മതം മാറുന്നത്. ക്ഷേത്രത്തില്‍ നടന്ന അഞ്ചു ദിവസത്തെ വാര്‍ഷിക ആഘോഷങ്ങള്‍ക്കിടയില്‍ ഇവരെ പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു. ആറോളം കുടുംബങ്ങള്‍ ഇസ്‌ലാം മതം സ്വീകരിച്ചു കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീരദേശ ഗ്രാമമായ പഴങ്കള്ളിമേടിലുള്ള നാനൂറ് കുടുംബങ്ങളില്‍ 180 കുടുംബങ്ങള്‍ ദലിത് വിഭാഗത്തില്‍ പെട്ടതാണ്. ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പൂജ നടത്താനുള്ള സംവിധാനം ഒരുക്കാന്‍ പൊലിസിനോ അധികൃതര്‍ക്കോ സാധിക്കാതെ വന്നതോടെയാണ് ഇസ്‌ലാം മതത്തിലേക്ക് മാറാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് ദലിത് സംഘടനയുടെ നേതാവ് ശെന്തില്‍കുമാര്‍ പറഞ്ഞു.
നാഗപള്ളിയിലെ 70 ദലിത് കുടുംബങ്ങളാണ് മതം മാറാന്‍ തീരുമാനിച്ചത്. 2009ല്‍ ദലിതരാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ ഗ്രാമത്തില്‍ ശ്രീ മഹാശക്തി മാരിയമ്മന്‍ ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉത്സവങ്ങള്‍ ദലിതര്‍ ഇല്ലാതെ നടത്താനാണ് ഇവിടുത്ത ഉയര്‍ന്ന ജാതിക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."