'ഈ യുദ്ധം രണ്ടു വിശ്വാസങ്ങള്‍ തമ്മിലല്ല, നന്മയും തിന്മയും തമ്മിലുള്ളതാണ്'- നിലപാടുകളില്‍ മാറ്റം വരുത്തി ട്രംപിന്റെ സഊദി പ്രസംഗം
റിയാദ്: ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ നടത്തിയത് മുസ്‌ലിം സൗഹൃദ പ്രസംഗം. സഊദി അറേബ്യയിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി 50 മുസ്‌ലിം നേതാക്കളുമായി റിയാദില്‍ നടത്തിയ സമ്മേളനത്തിനാണ് ട്രംപിന്റെ നിലപാടു മാറ്റ പ്രസംഗം.
'ഈ യുദ്ധം രണ്ട് വിശ്വാസങ്ങള്‍ തമ്മിലോ രണ്ട് വിഭാഗങ്ങള്‍ തമ്മിലോ അല്ല. മനുഷ്യനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കിരാതന്മാരെ നേരിടാന്‍ ഉദ്ദേശിച്ചുള്ളതാണ്. നന്മയും തിന്മയും തമ്മലുള്ള യുദ്ധമാണ്'- തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒന്നിക്കേണ്ടതില്‍ ഊന്നി ട്രംപ് പറഞ്ഞു.
'ഞങ്ങള്‍ വന്നിരിക്കുന്നതു നിങ്ങളെ പഠിപ്പിക്കാനല്ല, എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും പറയാനും ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ വന്നത് സഹവര്‍ത്തിത്വത്തിനു വേണ്ടിയാണ്, പരസ്പര മൂല്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള സഹവര്‍ത്തിത്വത്തിന്'- ട്രംപ് പറഞ്ഞു.
മധ്യപൂര്‍വ്വേശ്യയിലും ലോകത്തും സമാധാനം വരുന്നതിന്റെ തുടക്കമായിരിക്കും ഈ യോഗമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് ബരാക് ഒബാമ 2009 ല്‍ കൈറോയില്‍ നടത്തിയ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലായിരുന്നു ട്രംപിന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിലും വിജയിച്ചപ്പോഴും മുസ് ലിം വിരുദ്ധ പ്രസ്താവനകളും നടപടികളും എടുത്ത് വിവാദത്തിലായ ആളാണ് ട്രംപ്.
'തീവ്രവാദ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിക്കേണ്ടത് പുണ്യഭൂമിയില്‍ നിന്ന്'
റിയാദിലെ കിങ് അബ്ദുല്‍ അസീസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആണ് മുസ്‌ലിം ലോകത്തോട് അമേരിക്കയുമായുള്ള സമീപനവും നിലപാട് വ്യക്തമാക്കുന്ന ട്രംപിന്റെ ചരിത്ര പ്രഭാഷണം. പ്രസംഗത്തിലെ മുഖ്യ വിഷയം തീവ്രവാദ, ഭീകരവാദം തന്നെയായിരുന്നു. ഇതിനെതിരായി അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ട്രംപ് പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഇതിനായി ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഈ പിന്തുണയെ ഞങ്ങളുടെ സുഹൃത്തുക്കള്‍ ചോദ്യം ചെയ്യേണ്ടതില്ല. അതേസമയം ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കാര്യത്തില്‍ ശത്രുക്കള്‍ സംശയിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി.
ലോകസമാധാനത്തിനു വേണ്ടിയും തീവ്രവാദത്തിനും ഭീകര വാദത്തിനും എതിരായി അമേരിക്ക എന്നും അറബ് രാജ്യങ്ങളോടൊപ്പം ഉണ്ടായിരിക്കും. ലോക മുസ്‌ലിം രാഷ്ട്ര നേതാക്കള്‍ക്ക് ഇത്തരത്തിലൊരു ഐക്യം പ്രഖ്യാപിച്ചാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. ഞാന്‍ ഇവിടെ ഒരു പ്രഭാഷണം നടത്താനല്ല മറിച്ചു നമുക്ക് കൂട്ടായ ഒരു പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയാണ് എത്തിയിരിക്കുന്നത് ട്രംപ് പറഞ്ഞു. സുരക്ഷിതത്വവും സുസ്ഥിരവും നടത്താനുള്ള സഹവര്‍ത്തിത്വവുമാണ് അമേരിക്ക ആഗ്രഹിക്കുന്നത് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് പ്രതീക്ഷയുള്ള ഭാവി ഉറപ്പുവരുത്താനാവണം നമ്മുടെ പ്രവര്‍ത്തനം. അമേരിക്ക ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായതിനാല്‍ മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തു ചെയ്യണമെന്നോ, ആരായിത്തീരണമെന്നോ, ആരെ ആരാധിക്കണമെന്നോ ഞങ്ങള്‍ പറയില്ല. പൗരന്‍മാരുടെ സുരക്ഷക്കാണ് ഞങ്ങളുടെ പ്രഥമ പരിഗണന.
ലോകത്തു ദൃശ്യമായ ഭീഷണിയുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനങ്ങള്‍ എടുക്കുന്നത്. ഇരുമ്പുലക്കയായ ആദര്‍ശങ്ങളല്ല ഞങ്ങളുടെ തീരുമാനങ്ങള്‍ക്കടിസ്ഥാനമെന്നും അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചാണ് അമേരിക്ക മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം ഉണര്‍ത്തി. മേഖലയില്‍ ഏതെങ്കിലും മതത്തിനോ സംസ്‌കാരത്തിനോ ആദര്‍ശത്തിനോ അമേരിക്ക എതിരല്ല മറിച്ച് തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിറീ മാത്രമാണ് തങ്ങളുടെ യുദ്ധം. ഭീകരവാദം ലോകത്ത് എല്ലായടത്തേക്കും വ്യാപിച്ചിരിക്കുന്നു. എന്നാല്‍ സമാധാനത്തിലേക്കുള്ള പാത ആരംഭിക്കേണ്ടത് ഈ വിശുദ്ധ മണ്ണില്‍ നിന്നാണ്തീവ്രവാദ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിക്കേണ്ടത് പുണ്യ ഭൂമിയില്‍ നിന്നുമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ പ്രശനങ്ങള്‍ക്ക് അമേരിക്കയെ നിങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ല. സമാധാനത്തിനും സുരക്ഷിത്വത്തിനും വേണ്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ തീരുമാനം എടുക്കാവുന്നതാണ്. എങ്കിലും ഭീകരവാദ, തീവ്രവാദ പ്രശ്ങ്ങളില്‍ എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ അമേരിക്കയോട് ആവശ്യപ്പെടാവുന്നതാണ്. അത് ഏതു നിലയില്‍ വേണമെങ്കിലും അമേരിക്ക നല്‍കാന്‍ തയ്യാറാണ്. പൊതുസുരക്ഷക്കു വേണ്ടി അമേരിക്ക നിങ്ങളുടെ കൂടെ എന്നും നിലനില്‍ക്കാന്‍ തയ്യാറാണ് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനും, ഭീകരവാദത്തിനും നമുക്ക് ഒരുമിച്ചു നില്‍ക്കാം. നിരപരാധികളായ മുസ്‌ലിംകളെയും കുട്ടികളെയും കൊല്ലുന്നവര്‍ക്കെതിരെ, സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ, ജൂതന്മാരെ വേട്ടയാടുന്നവര്‍ക്കെതിരെ ക്രിസ്ത്യാനികളുടെ തലകയറുക്കുന്നവര്‍ക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. മതനേതാക്കളും ഇത് പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന് മുന്നോടിയായി സംസാരിച്ച സഊദി ഭരണാധികാരിയും തീവ്രവാദ ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് ഉണര്‍ത്തി. ഇസ്‌ലാം സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും മതമാണെന്നും അത് തന്നെയാണ് നാം തുടരുന്നതെന്നും ചിലര്‍ അതിനെ ദുര്‍വ്യാഖ്യാനം ഉണ്ടാക്കിയാണ് തീവവാദം പ്രചരിപ്പിക്കുന്നതെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."