118 എ വകുപ്പ് ഞെട്ടിക്കുന്നത്; യെച്ചൂരി എങ്ങനെ പ്രതിരോധിക്കും: ചിദംബരം
ന്യൂഡല്‍ഹി: കേരള പൊലിസ് ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പിനെതിരേ വിമര്‍ശനവുമായി നിയമവിദഗ്ധര്‍. നിയമം ഞെട്ടിക്കുന്നതാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും നിയമവിദഗ്ധനുമായ പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സമൂഹമാധ്യമത്തിലെ 'കുറ്റകരമായ' പോസ്റ്റിന് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു. അതുപോലെ അന്വേഷണ ഏജന്‍സി നാലുതവണ കേസ് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വീണ്ടും കേസെടുക്കാനുള്ള തീരുമാനവും ഞെട്ടലുണ്ടാക്കുന്നു. ഇത്തരം കൊടിയ തീരുമാനങ്ങളെ തന്റെ സുഹൃത്തായ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
എതിരഭിപ്രായം പുലര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള കരിനിയമമാണിതെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. സുപ്രിംകോടതി റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എയ്ക്ക് തുല്യമായ നിയമമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. കേരളം കൊണ്ടുവന്ന പുതിയ നിയമത്തെ പൂര്‍ണമായും എതിര്‍ക്കുന്നതായി അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയും ട്വിറ്ററില്‍ കുറിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താനുള്ളതാണിതെന്നും സിങ്‌വി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."