റാഫേല്‍ ഇടപാട്: കോണ്‍ഗ്രസ് പ്രതിനിധി സംഘം വിജിലന്‍സ് കമ്മിഷനര്‍ക്ക് പരാതി നല്‍കി
ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കെ കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ്. സി.എ.ജി(കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)യുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക പ്രതിനിധി സംഘം ഇന്നലെ കേന്ദ്ര വിജിലന്‍സ് കമ്മിഷനറെ(സി.വിസി) സന്ദര്‍ശിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. റാഫേല്‍ ഇടപാടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, കരാറിന്റെ ഘടന, കരാറിന്റെ സ്വഭാവം, ഓരോ വിമാനത്തിനുമുള്ള വില തുടങ്ങിയവ സംബന്ധിച്ച കാര്യത്തെക്കുറിച്ച് സി.വി.സി അധ്യക്ഷന്‍ കെ.വി ചൗധരിയുമായി കോണ്‍ഗ്രസ് പ്രതിനിധി സംഘംചര്‍ച്ച ചെയ്തു.
ഇടപാടില്‍ പൊതുപണത്തിന്റെ നഷ്ടം, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക് ലിമിറ്റഡിനെ ഒഴിവാക്കി ദേശീയ സുരക്ഷയെ അപകടപ്പെടുത്തുംവിധം ചില ബിസിനസ് സുഹൃത്തുക്കള്‍ക്ക് കരാര്‍ നല്‍കിയത് ചോദ്യം ചെയ്തുള്ള നിവേദനവും അവര്‍ സി.വി.സിക്ക് നല്‍കി.
ടെന്‍ഡര്‍ വിളിക്കാതെ നടത്തിയ കരാറില്‍ ദസോള്‍ട്ട് ഏവിയേഷന്റെ പങ്കാളികളായ റിലയന്‍സിന് 1 ലക്ഷം കോടിയുടെ കരാറാണ് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് 30,000 കോടിക്കായിരുന്നു കരാര്‍ ഉറപ്പിക്കാനിരുന്നത്. മൈത്രീ മുതലാളിത്ത രീതിയിലാണ് തങ്ങളുടെ ഇഷ്ടപ്പെട്ട വ്യവസായ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചതെന്നും പ്രതിനിധി സംഘം ആരോപിച്ചു.
അതിനിടയില്‍ ദസോള്‍ട്ട് ഏവിയേഷന്‍ ചെയര്‍മാന്‍ എറിക് ട്രാപ്പിയര്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്.എ.എല്‍)-വ്യോമസേനാ ഉദ്യോഗസ്ഥരുമുമായി നടത്തിയ ചര്‍ച്ചയുടെ വിഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കോണ്‍ഗ്രസ് പുറത്തു വിട്ടു. യുദ്ധവിമാന കരാറുമായി എച്ച്.എ.എല്ലിനെ ഒരിക്കല്‍പോലും പരിഗണിച്ചിരുന്നില്ലെന്ന സര്‍ക്കാര്‍ വാദത്തെ തള്ളുന്നതാണ് വിഡിയോ ദൃശ്യം.
ഫ്രാന്‍സുമായുണ്ടാക്കിയ കരാറിന് ശേഷം 17 ദിവസം കഴിഞ്ഞാണ് മോദി സര്‍ക്കാര്‍ റിലയന്‍സിനെ പങ്കാളിയാക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതുസംബന്ധിച്ച പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമാണ്. ഈ സാഹചര്യത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."