മൂന്നു ജില്ലകളില്‍ ഇന്ന് കനത്ത മഴ
കോഴിക്കോട്: മൂന്നു ജില്ലകളില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഇന്നു മുതല്‍ നാലു ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയുള്ളത്. ഇവിടെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെ.മി വരെ മഴ ലഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. മറ്റു ജില്ലകളിലെല്ലാം ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കും. അടുത്ത അഞ്ചു ദിവസം സംസ്ഥാന വ്യാപകമായി മഴലഭിക്കും. ഇന്നലെ അവസാനിച്ച 24 മണിക്കൂറില്‍ സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇടത്തരം മഴ ലഭിച്ചു.
കിഴക്കന്‍, മധ്യ അറബിക്കടലില്‍ രൂപപ്പെട്ട രണ്ടു ചക്രവാതച്ചുഴികളാണ് കേരളത്തില്‍ മഴക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ചക്രവാതച്ചുഴികളുള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 2.1, 4.5 കി.മി ഉയരത്തിലാണ് ചക്രവാതച്ചുഴികള്‍ രൂപപ്പെട്ടത്. ബംഗാള്‍ ഉള്‍ക്കടലില്‍ എതിര്‍ചുഴലി (ആന്‍ഡി സൈക്ലോണ്‍) രൂപപ്പെട്ടതിനാല്‍ കിഴക്കന്‍ കാറ്റും പടിഞ്ഞാറന്‍ കാറ്റും കേരളത്തിനു മുകളില്‍ സംഗമിക്കുന്ന സാഹചര്യവും നിലനില്ക്കുന്നു. ഇതാണ് ഇടിയോടുകൂടിയുള്ള മഴക്ക് കാരണമാകുന്നതെന്നും സ്വകാര്യ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കര്‍ണാടകയോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കര്‍ണാടകയിലും മഴ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."