പിണറായി സര്‍ക്കാരിന്റേത് തമിഴ്‌നാട് മോഡല്‍ രാഷ്ട്രീയം: കെ.പി.എ മജീദ്
അശ്‌റഫ് കൊണ്ടോട്ടി
മുന്‍ സര്‍ക്കാരുകളെ രാഷ്ട്രീയ പ്രതിയോഗികളാക്കുന്ന തമിഴ്‌നാട് മോഡല്‍ രാഷ്ട്രീയമാണ് പിണറായി സര്‍ക്കാരിന്റേതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. 'സുപ്രഭാത'ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ഒരു സര്‍ക്കാരും ഇത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. കേരളത്തിലിപ്പോള്‍ സി.പി.എം പാര്‍ട്ടിയും ഭരണാധികാരിയും ഒരാളായതാണ് നിലവിലെ അപചയത്തിന് കാരണം. മുന്‍പ് എ.കെ.ജി സെന്ററിലായിരുന്നു തീരുമാനങ്ങള്‍. എന്നാല്‍ ഇന്ന് ഇതു രണ്ടും പിണറായി വിജയനാണ്. അതിനാലാണ് ശിവശങ്കറിന്റെ കാര്യത്തിലടക്കം ഇന്ന് സി.പി.എമ്മിന് തലകുനിക്കേണ്ടി വന്നത്. നിലവിലെ സ്ഥിതി സി.പി.എം തുടര്‍ന്നാല്‍ വരാനിരിക്കുന്ന സര്‍ക്കാരുകളും ഇതാവര്‍ത്തിക്കും. പ്രതികാര രാഷ്ട്രീയം കേരളത്തെ മലീനസമാക്കും.
തെരഞ്ഞെടുപ്പിന്റെ
മുന്നൊരുക്കങ്ങള്‍
വിലയിരുത്താമോ?
- മറ്റു പാര്‍ട്ടികളേക്കാള്‍ നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പിന് പ്രത്യേക പാക്കേജ് തയാറാക്കിയാണ് താഴെ തട്ടിലേക്ക് ഇറങ്ങിയത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലടക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതര പാര്‍ട്ടികളെ അപേക്ഷിച്ച് മുന്നിലായിരുന്നു. ആവശ്യമായ സമയത്ത് സെക്രട്ടറിമാര്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യത്തിലടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ
മൂന്നാം ടേം നിര്‍ദേശം
പരാതികള്‍ക്ക് ഇടയാക്കിയല്ലോ?
- ഓരോ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും കൃത്യമായ നിര്‍ദേശങ്ങളും നിയമാവലികളുമാണ് പാര്‍ട്ടി രൂപകല്‍പന ചെയ്യുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തദ്ദേശ അധ്യക്ഷ പദവിയിലുള്ളവരോട് മാറാനായിരുന്നു നിര്‍ദേശമെങ്കില്‍ ഇത്തവണ മൂന്നു തവണ പാര്‍ട്ടിയുടെ സഹായത്തോടെ അംഗങ്ങളായവരോട് മാറി നില്‍ക്കാനാണ് നിര്‍ദേശിച്ചത്. പുതു തലമുറയിലെ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കടന്നു വരാനാവശ്യമായ പ്രതലമാണ് ഇതിലൂടെ മുസ്‌ലിം ലീഗ് ഒരുക്കിയത്. പൊതുസമ്മതരെ സ്ഥാനാര്‍ഥികളാക്കണമെന്നും ഒരേ വീട്ടില്‍ നിന്ന് രണ്ടു സ്ഥാനാര്‍ഥികള്‍ ഉണ്ടാവരുതെന്നും നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുളള തീരുമാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുള്ളത്.
ഇബ്‌റാഹീം കുഞ്ഞ്,
എം.സി ഖമറുദ്ദീന്‍
എന്നിവരുടെ അറസ്റ്റ്,
കെ.എം ഷാജിക്കെതിരേയുളള ആരോപണം. ലീഗ് എങ്ങനെ
മറികടക്കും?
- ഇപ്പോള്‍ നടക്കുന്ന അറസ്റ്റും കേസും സദുദ്ദേശ പരമല്ലെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍ പറയുന്നു. യു.ഡി.എഫിലെ ഒരു ഡസന്‍ എം.എല്‍.എമാര്‍ക്കെതിരേ നടപടി വരുമെന്ന്. ഇതില്‍ നിന്നു തന്നെ ബോധ്യമാകും ഇതു രാഷ്ട്രീയ അജന്‍ഡയാണെന്ന്. സി.പി.എമ്മിന്റെ അഴിമതികളേയും തട്ടിപ്പുകളേയും ഒളിപ്പിക്കാനാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരേ അഴിമതികഥകളുമായി വരുന്നത്. ഇബ്‌റാഹീം കുഞ്ഞിന്റെ കേസും അന്വേഷണവും നേരത്തെ പൂര്‍ത്തീകരിച്ചതാണ്. എന്നാല്‍ അന്ന് ഇല്ലാത്ത അറസ്റ്റും പുകിലുകളും തെരഞ്ഞെടുപ്പിന്റെ വക്കിലേക്ക് എത്തിയപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. തകര്‍ന്ന പാലത്തിന്റെ കരാര്‍ എടുത്തവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ കരാര്‍ വാരിക്കോരി നല്‍കുന്നു. അഴിമതി നടത്തിയ കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്താന്‍ പോലും ശ്രമിക്കാത്ത സര്‍ക്കാര്‍ അക്കാലത്ത് വകുപ്പ് ഭരിച്ച മന്ത്രിയെയാണ് അറസ്റ്റ് ചെയ്യുന്നത്.
ഖമറുദ്ദീന്‍ വിഷയം ബിസിനസുമായി ബന്ധപ്പെട്ടതാണ്. ഇത് ഖമറുദ്ദീന്‍ എം.എല്‍.എ ആകുന്നതിന് മുമ്പുളള വിഷയമാണ്. പാര്‍ട്ടിക്കോ, പൊതു ഖജനാവിനോ ഇതു കൊണ്ട് നഷ്ടമുണ്ടായിട്ടില്ല. എന്നാലും പരാതിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റുണ്ടായത്. ക്രൈംബ്രാഞ്ച് അന്വേഷണവുമായി പോയിട്ടില്ലെങ്കില്‍ നിലവിലെ പരാതികള്‍ ഇതിനകം പരിഹരിക്കാനാവുമായിരുന്നു.
കെ.എം ഷാജിയുടെ വിഷയത്തിലെന്താണുണ്ടായത്. അഴിമതി ആരോപണം പറഞ്ഞ് അന്വേഷിച്ചപ്പോള്‍ തെളിവില്ല. അതു കഴിഞ്ഞപ്പോള്‍ അവിഹിത സ്വത്ത് സമ്പാദ്യത്തിലേക്ക് കടക്കുന്നു. ഇപ്പോള്‍ ആ സ്വത്ത് തേടി പരക്കം പായുകയാണ് അന്വേഷണ സംഘം. സത്യത്തില്‍ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനും യു.ഡി.എഫിനും ഇതൊക്കെ ഗുണമാണുണ്ടാക്കിയത്. അണികള്‍ക്കിടയില്‍ സി.പി.എമ്മിന്റെ നെറികേട് രാഷ്ട്രീയം ബോധ്യമായിട്ടുണ്ട്.
ലീഗിനെതിരേയുള്ള
ആരോപണങ്ങള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലേ?
- സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കല്‍ നാടകം ജനങ്ങള്‍ക്ക് ബോധ്യമാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. നേരത്തെ അന്വേഷണം കഴിഞ്ഞതാണ് വീണ്ടും റീ ഓപണ്‍ ചെയ്യുന്നത്. അടുത്തത് ബാര്‍, സോളാര്‍ കേസുകള്‍ ഉയര്‍ത്തി കൊണ്ടുവരുന്നു. ബാര്‍ കേസില്‍ നിലവില്‍ ജോസ് കെ.മാണി ഉള്‍പ്പെട്ടതല്ലേ. എന്നാല്‍ ഇന്ന് ജോസ് കെ. മാണി ഭരണപക്ഷത്തായതിനാല്‍ ആ ഭാഗമുണ്ടാവില്ല. യു.ഡി.എഫ് നേതാക്കളെ തെരഞ്ഞു പിടിച്ചാണ് കേസുണ്ടാക്കുന്നത്. ആരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അവരെ ഒറ്റപ്പെടുത്തി കേസെടുത്തു വായ അടപ്പിക്കുക എന്നാണ് എല്‍.ഡി.എഫ് നയം.
തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ അല്ലേ?
- കേരള രാഷ്ട്രീയത്തിന് അപ്പുറം തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊതുവെ പ്രാദേശിക വികാരമാണ് ഉയരുക. ആ പ്രദേശത്തെ വികസനവും ഭരണത്തിന്റെ മേന്മയും വിലയിരുത്തിയാകും തദ്ദേശ തെരഞ്ഞെടുപ്പ്. എന്നാല്‍ നിലവിലെ കേരള രാഷ്ട്രീയവും സര്‍ക്കാരിന്റെ നിലപാടും വോട്ടായി മാറും. ശക്തമായ മുന്നേറ്റം യു.ഡി.എഫിന് ഇത്തവണ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. അതിനുള്ള പരിശ്രമങ്ങള്‍ യു.ഡി.എഫ് തലത്തില്‍ എടുത്തിട്ടുണ്ട്. പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും മറന്നു ഒറ്റക്കെട്ടായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."