പൊലിസ് കസ്റ്റഡി അവസാനിച്ചു; ഫ്രാങ്കോ ജയിലില്‍
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ സബ് ജയിലില്‍. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എസ്. ലക്ഷ്മി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തതോടെയാണ് ഫ്രാങ്കോയെ പാലാ സബ്ജയിലിലേക്ക് മാറ്റിയത്.
രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കിയത്. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയായതിനെ തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പൊലിസ് ഉന്നയിച്ചില്ല. ഇതോടെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയാണെന്ന് കോടതി അറിയിച്ചു. അറസ്റ്റിലായപ്പോള്‍ താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലിസ് ബലമായി ഊരിവാങ്ങിയതായി ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ അറിയിച്ചു. അതിലുണ്ടാവാന്‍ ഇടയുള്ള മുടിയും മറ്റും ഉപയോഗിച്ച് വ്യാജ തെളിവുണ്ടാക്കുമെന്ന ആശങ്കയുണ്ടെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ വൈദ്യസഹായം ആവശ്യമാണെന്നും ഫ്രാങ്കോ കോടമതിയെ അറിയിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് മറുപടിയായാണ് പൊലിസിനെതിരേ പരാതി പറഞ്ഞത്. വസ്ത്രങ്ങള്‍ പിടിച്ചെടുത്തത് നിയമാനുസൃതമാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കോടതിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുന്‍ ബിഷപ്പിന്റെ മറുപടി.
സബ്ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ രണ്ട് പെറ്റിക്കേസ് പ്രതികള്‍ക്കൊപ്പമാണ് ഫ്രാങ്കോ മുളയ്ക്കലിനെ പാര്‍പ്പിച്ചിരിക്കുന്നത്. പാലാ സബ്ജയിലില്‍ ഏഴ് സെല്ലുകളാണ് ആകെയുള്ളത്. ഫ്രാങ്കോ ഉള്‍പ്പെടെ 47 പ്രതികളാണ് സെല്ലുകളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."