ടോള്‍സ്റ്റോയിയുടെ കാലം
മൗലീക സര്‍ഗശക്തിയുള്ള ഒരു എഴുത്തുകാരന്‍ മാത്രമായിരുന്നില്ല, സത്യാന്വേഷിയും വിദ്യാഭ്യാസ വിചക്ഷണനും പരിവര്‍ത്തനവാദിയും മനുഷ്യസ്‌നേഹിയുമായിരുന്നു ലിയോ ടോള്‍സ്റ്റോയ്. ശക്തമായ ചിന്താധാരയുള്ള അദ്ദേഹം താന്‍ ജീവിച്ച സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വത്തെയും സര്‍ക്കാരിന്റെയും സഭയുടെയും അടിച്ചമര്‍ത്തല്‍ നയത്തെയും ശക്തമായി എതിര്‍ത്തു. അവരവരുടെ മനസാക്ഷിക്കനുസരിച്ച് ശരിയും തെറ്റും മനസിലാക്കി നല്ല ജീവിതം നയിക്കാന്‍ ടോള്‍സ്റ്റോയ് ആഹ്വാനം ചെയ്തു.
ലിയോ ടോള്‍സ്റ്റോയിയെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഏറ്റവും പ്രധാനം സന്തുഷ്ടി നിലനില്‍ത്തുക എന്നുള്ളതാണ്. ജീവിതലക്ഷ്യം തന്നെ സന്തോഷിക്കുകയാണെന്നും സന്തുഷ്ടി നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെടുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആകാശം, സൂര്യന്‍, നക്ഷത്രങ്ങള്‍, പുല്ല്, വൃക്ഷങ്ങള്‍, ജന്തുക്കള്‍, മനുഷ്യര്‍ എന്നിവയില്‍ എല്ലാത്തിലും സന്തുഷ്ടി കണ്ടെത്താന്‍ ശ്രമിക്കണമെന്നും അത് ഇല്ലാതായാല്‍ എവിടെയോ തെറ്റ് പറ്റിയെന്ന് മനസിലാക്കണമെന്നും ടോള്‍സ്റ്റോയ് തന്റെ കൃതികളിലൂടെ അനുവാചകരെ ആഹ്വാനം ചെയ്തു.
തെറ്റ് കണ്ടെത്തി തിരുത്തണം
തെറ്റ് കണ്ടെത്തി തിരുത്തണം. ശരീരത്തിനും മനസിനും സന്തോഷത്തിലേക്കുള്ള ആകര്‍ഷണമാണ് ജീവിതരഹസ്യം മനസിലാക്കാനുള്ള ഏക മാര്‍ഗമെന്നും അറുപതാം വയസില്‍ അദ്ദേഹം എഴുതി. തന്റെ ജീവിതത്തെ സന്തുഷ്ടമാക്കിയ ചിന്തകളും വിശ്വാസങ്ങളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയാണ് സാഹിത്യകാരന്റെ കടമയെന്ന് വിശ്വസിച്ച ടോള്‍സ്റ്റോയ് ജീവിതത്തിന്റെ അര്‍ഥം തേടലിലാണ് സന്തുഷ്ടി കണ്ടെത്തിയത്. മറ്റൊന്നില്‍ നിന്നും സന്തുഷ്ടി ഇദ്ദേഹത്തിന് ലഭിച്ചില്ല.
സാഹിത്യജീവിതം
1850-ല്‍ ആണ് ടോള്‍സ്റ്റോയ് സാഹിത്യരചന ആരംഭിച്ചത്. ബാല്യം (1852), കൗമാരം (1854), യൗവനം (1857) എന്നീ ആത്മകഥാ നോവല്‍ ത്രയത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ തുടക്കം. തന്റെ സഹോദരന്റെ സൈന്യത്തിലെ കൊസാക്‌സിനെ നിരീക്ഷിച്ച അദ്ദേഹം ''കൊസാക്കുകള്‍'' എന്ന സുന്ദരമായ പ്രേമകഥ രചിച്ചു. ''ചൈല്‍ഡ് ഗുഡ്'' എന്ന ഗ്രന്ഥത്തിനു ശേഷം 1852-ല്‍ വളര്‍ച്ചയുടെ ഘട്ടങ്ങളിലെ ഓര്‍മകളെ അടിസ്ഥാനപ്പെടുത്തി ''ബോയ്ഹുഡ്'' ''യൂത്ത്'' എന്നീ രണ്ടു പുസ്തകങ്ങള്‍ കൂടി എഴുതി. യുദ്ധത്തിന്റെ ഭയാനകതയും, സാധാരണ സൈനികരുടെ ധൈര്യവും ടോള്‍സ്റ്റോയിയിലുളവാക്കിയ സഹാനുഭൂതിയെ ആസ്പദമാക്കി രചിച്ച ''സെബാസ്റ്റൊപോള്‍ സ്റ്റോറീസ്'' ആണ് അടുത്ത ഗ്രന്ഥം. ഈ രചനകളെല്ലാം തന്നെ പ്രശസ്തിയാര്‍ജ്ജിച്ചവയാണ്.
അന്നാ കരേനിന
സ്‌നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയില്‍ വിവാഹേതര പ്രണയത്തിലേക്ക് തള്ളിയിടപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന (1875-77). സന്തുഷ്ട കുടുംബങ്ങളെല്ലാം ഒരേ മട്ടാണ്. എന്നാല്‍ ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടമായിരിക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തില്‍ നോവല്‍ തുടങ്ങുന്നു. കുടുംബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അര്‍ഥത്തിനും സാമൂഹ്യനീതിയ്ക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും ഈ നോവലില്‍ പ്രതിപാദിക്കുന്നു. ട്രെയിനിനു മുമ്പില്‍ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാകരേനിന അവസാനിക്കുന്നത്. റഷ്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ പശ്ചാത്തലത്തില്‍ കുടുംബകഥ പറഞ്ഞ അന്നാകരേനിനയിലൂടെ സമസ്ത വായനക്കാരെയും ടോള്‍സ്റ്റോയ് ആഴത്തില്‍ സ്വാധീനിച്ചു.
ഇവാന്‍ ഈലിച്ചിന്റെ മരണം (1886), ഉയിര്‍ത്തെഴുന്നേല്‍പ് (1900), മാസ്റ്റര്‍ ആന്‍ഡ് മാന്‍, ദി ക്രൂട്ട്‌സര്‍ സൊണാറ്റ എന്നിവയാണ് പ്രധാന കൃതികള്‍. ദി പവര്‍ ഓഫ് ഡാര്‍ക്‌നസ്, അറിവിന്റെ ഫലങ്ങള്‍, ജീവനുള്ള പ്രേതം. നാടകങ്ങളും ഇതു നാണക്കേടാണ്, എനിക്കു മൗനം തുടരാന്‍ കഴിയില്ല, കൊല്ലരുത്, എന്റെ വിശ്വാസം തുടങ്ങിയ ലേഖനങ്ങളും ശ്രദ്ധേയമായ സംഭാവനകളാണ്.
ഒരു മനുഷ്യന് എത്രമാത്രം ഭൂമി വേണം എന്ന കഥ പ്രസിദ്ധമാണ്. ടോള്‍സ്റ്റോയിയുടെ പതിനായിരത്തോളം കത്തുകളും 13 വാള്യങ്ങളിലായി ഡയറിക്കുറിപ്പുകളും പ്രസിദ്ധീകൃതമായിട്ടുണ്ട്. വാട്ട് ഈസ് ആര്‍ട്ട് എന്ന കൃതി ഏറെ പ്രസിദ്ധമാണ്.
2007 ജനുവരിയില്‍ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിനയെ എക്കാലത്തെയും ഏറ്റവും നല്ല പത്തു നോവലുകളില്‍ ഒന്നാമത്തെ കൃതിയായും യുദ്ധവും സമാധാനവും എന്ന നോവലിനെ ഏറ്റവും നല്ല മൂന്നാമത്തെ കൃതിയായും വിലയിരുത്തി. അന്നാകരേനിന പലവട്ടം ചലച്ചിത്രമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ കൃതിയും ജീവിതത്തെക്കുറിച്ചുള്ള പുതിയൊരറിവിന്റെ പ്രതിഫലനമാണ്. അതുമല്ലെങ്കില്‍ ജീവിതത്തിന്റെ അര്‍ഥം തേടലായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സപര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."