പ്രളയദുരിതം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം
തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറിയുമായ ബി.ആര്‍ ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
ദുരിതം ബാധിച്ച 12 ജില്ലകളില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം സംഘം ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രതീക്ഷിക്കാതെ വന്ന മഹാപ്രളയത്തില്‍പ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമായിരുന്നുവെന്ന് ബി.ആര്‍ ശര്‍മ പറഞ്ഞു.
പ്രളയം ബാധിച്ച വീടുകളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കാനും ജനജീവിതം സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരാനും മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളും രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ച് ജനങ്ങളില്‍നിന്ന് യാതൊരു പരാതിയും ലഭിച്ചില്ലെന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതികളുടെ രൂക്ഷത വിലയിരുത്താന്‍ നാലു ടീമുകളായാണ് സംഘം വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചത്.
പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ നേരില്‍ക്കണ്ടും ജനങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചുമാണ് സംഘം സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷത വിലയിരുത്തിയത്. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പൂര്‍ണമായും പുതുക്കിപ്പണിയുന്നതിനുള്ള നടപടികളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് സ്‌പെഷല്‍ പാക്കേജ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ചീഫ് സെക്രട്ടറി ടോം ജോസ് സംഘത്തെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."