കെ.എം മാണിയും പിണറായിയും ഒത്തുകളിച്ചു; ഉപദ്രവിക്കരുതെന്ന് ചെന്നിത്തല അപേക്ഷിച്ചു; മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. കെ.എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നിലച്ചതെന്ന് ബിജു രമേശ് ആരോപിച്ചു.
കേസില്‍ നിന്ന് പിന്‍മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നത് പിണറായിയും കോടിയേരിയുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍തന്നെ കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിച്ചത്. കെ.എം മാണി ഇവരെ കണ്ടതോടെ കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു.
ഈ സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ജോസ് കെ മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ താന്‍ വിജിലന്‍സിനു മുന്നില്‍ മൊഴി നല്‍കിയതാണെന്നും എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് തന്നോട് പറഞ്ഞതെന്നും ബിജു രമേശ് പറഞ്ഞു.
രഹസ്യമൊഴി നല്‍കാതിരിക്കാന്‍ ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ക്കെതിരെയുള്ള മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."