ഗുണ്ടാപിരിവിനെതിരേ പ്രക്ഷോഭം ആരംഭിക്കും: പ്രതിപക്ഷ നേതാവ്
തൃശൂര്‍: സാലറി ചലഞ്ചിന്റെ പേരിലുള്ള ഗുണ്ടാപിരിവിനെതിരേ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാലറി ചലഞ്ചിന്റെ പേരില്‍ സംസ്ഥാനത്ത് ഗുണ്ടാപിരിവാണ് നടക്കുന്നത്. ഈ പിടിച്ചുപറി തിരുത്തിയില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിനിറങ്ങും.
പ്രളയദുരന്തം ഉണ്ടാക്കിയ ആളുകളാണിപ്പോള്‍ രക്ഷകര്‍ ചമയുന്നതെന്നും ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ പേര് പറഞ്ഞ് ഫെസ്റ്റിവല്‍ അലവന്‍സ് അടക്കം 10,000 മുതല്‍ 15,000 രൂപ വരെ നേരത്തെ വസൂലാക്കിയതിന് പിന്നാലെയാണ് സാലറി ചാലഞ്ചുമായി രംഗത്തുവന്നിരിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സി.പി.എം ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പം തന്നെയായിരുന്നുവെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥലജലവിഭ്രാന്തി പിടിപെട്ടതായും പ്രതിപക്ഷനേതാവ് പരിഹസിച്ചു.
ബിഷപ്പ് ഫ്രാങ്കോ ചെയ്ത തെറ്റിന്റെ പേരില്‍ കത്തോലിക്കസഭയേയും പൗരോഹിത്യത്തേയും അപമാനിക്കുന്നതിന് കൂട്ടുനില്‍ക്കാനാവില്ല. 75 ദിവസം കഴിഞ്ഞാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനായത്. സര്‍ക്കാരിന് കാര്യക്ഷമതയില്ലാത്തതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി അധ്യക്ഷനായി. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി, ബെന്നി ബെഹനാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."