പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാലദ്വീപില്‍ പ്രതിപക്ഷത്തിന് ജയം
മാലെ: മാലദ്വീപിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 'ജനാധിപത്യത്തിന്റെ അട്ടിമറി'. പ്രസിഡന്റ് അബ്ദുല്ല യമീനെ പരാജയപ്പെടുത്തി പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് ആണ് ജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 58.3 ശതമാനം വോട്ടുകള്‍ മുഹമ്മദ് സ്വാലിഹിന് ലഭിച്ചു.
42 ശതമാനം വോട്ടുകള്‍ മാത്രമാണ് പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപിന്റെ (പി.പി.എം) അബ്ദുല്ല യമീന് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെുപ്പില്‍ നമ്മള്‍ ഭൂരിപക്ഷം നേടിയെന്നും ഇത് സന്തോഷത്തിന്റെ സമയമാണെന്നും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എം.ഡി.പി) നേതാവുകൂടിയായ മുഹമ്മദ് സ്വാലിഹ് പറഞ്ഞു. ഇത് ചരിത്രത്തിന്റെയും പ്രതീക്ഷയുടെയും സന്ദര്‍ഭമാണ്. നമ്മള്‍ മാലദ്വീപില്‍ സമാധാനകരമായ സമൂഹത്തെ സൃഷ്ടിക്കും. താന്‍ എല്ലാ മാലദ്വീപുകാരുടെയും പ്രസിഡന്റായിരിക്കും .പ്രസിഡന്റ് അബ്ദുല്ല യമീന്‍ ജനതാല്‍പര്യം ബഹുമാനിക്കണം. അധികാരകൈമാറ്റത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ തെരഞ്ഞെടുപ്പിലെ പരാജയം അബ്ദുല്ല യമീന്‍ അംഗീകരിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അബ്ദുല്ല യമീന്‍.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സ്വാലിഹിനെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനായി ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ ഇക്കാര്യം അംഗീകരിച്ച് തനിക്ക് വേട്ടുരേഖപ്പെടുത്തിയെന്ന് യമീന്‍ പറഞ്ഞു.
മാലദ്വീപിലെ വോട്ടര്‍മാരെ യു.എസ് അഭിനന്ദിച്ചു. ജനാധിപത്യ ശബ്ദത്തിനായി വോട്ട് രേഖപ്പെടുത്തിയവരെ അഭിനന്ദിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മുഴുവന്‍ നേതാക്കന്മാരും ബഹുമാനിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
അപ്രതീക്ഷിത വിജയത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ എം.ഡി.പിയുടെ കൊടിയുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മധുരം വിതരണം നടത്തിയും നൃത്തം ചെയ്തും അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യ, ചൈന, യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് മാലദ്വീപിലെ തെരഞ്ഞെടുപ്പ് വീക്ഷിച്ചത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 2,62,000 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. മാലദ്വീപിന് പുറമെ മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടായിരുന്നു.
ശക്തമായ മഴയുണ്ടായിട്ടും വോട്ട് രേഖപ്പെടുത്താന്‍ വന്‍ തിരക്കുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ കൂടുതല്‍ സമയം വോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തിപ്പിനെതിരേ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
വോട്ടെടുപ്പ് തടസപ്പെടുത്താനായി നിരവധി പോളിങ് സ്റ്റേഷനുകള്‍ ഭരണ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ പ്രതിപക്ഷ കേന്ദ്രങ്ങളില്‍ പൊലിസ് റെയ്ഡ് നടത്തി. എം.ഡി.പിയുടെ ഓഫിസില്‍ എത്തിയ പൊലിസ് വാറന്‍ഡില്ലാതെയാണ് റെയ്ഡ് നടത്തിയതെന്ന് പാര്‍ട്ടി ആരോപിച്ചു.
30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് 2008ല്‍ അധികാരത്തിലേറിയ മുഹമ്മദ് നശീദിനെ അട്ടിമറിച്ചാണ് 2012ല്‍ യമീന്‍ ഭരണത്തിലേറിയത്. നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയ നശീദിനെ ഭീകര വിരുദ്ധ കുറ്റം ചുമത്തി 2015ല്‍ ജയിലിലടച്ചിരുന്നു.
എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്ന നയമായിരുന്നു അഞ്ച് വര്‍ഷത്തെ ഏകാധിപത്യ ഭരണത്തില്‍ യമീന്‍ സ്വീകരിച്ചിരുന്നത്. രാജ്യത്ത് ജനാധിപത്യ സംവിധനം പുനഃസ്ഥാപിക്കുകയെന്നുള്ളതാണ് മുഹമ്മദ് സാലിഹിന്റെ മുന്നിലുള്ള വരും ദിവസങ്ങളിലെ ഉത്തരവാദിത്തം.
വിജയത്തില്‍ അഭിനന്ദിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ മാലദ്വീപ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ അഭിനന്ദിച്ച് ഇന്ത്യ. മൂന്നാം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് മാലദ്വപീനെ അഭിനന്ദിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വിജയം നേടിയതിന് ഇബ്രാഹിം മുഹമ്മദ് സ്വാലിഹിനെ ഹൃദ്യമായി അഭിനന്ദിക്കുകയാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്ല യമീന്‍ നയതന്ത്ര ബന്ധങ്ങളില്‍ ചൈനയെ പിന്തുണക്കുന്നയാളാണെങ്കിലും ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന് ഇന്ത്യയോടാണ് അടുപ്പം. യമീന്‍ ഭരണത്തിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."