ഏഷ്യ കീഴടക്കാനൊരുങ്ങി ഇന്ത്യ
ദുബൈ: ഏഷ്യാകപ്പ് കിരീടത്തിലേക്ക് ഇന്ത്യ ഒരു ചുവട് കൂടി അടുത്തു. ഇനി ഫൈനല്‍ കടമ്പ മാത്രം കടന്നാല്‍ ഏഷ്യയിലെ ക്രിക്കറ്റ് ചാംപ്യന്‍പട്ടവുമായി ഇന്ത്യക്ക് നാട്ടിലേക്ക് തിരിക്കാം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ മികച്ച പ്രകനമായിരുന്നു പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനോട് തുടക്കത്തില്‍ പതറിയതൊഴിച്ചാല്‍ മികച്ച പ്രകടനമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഇന്ത്യ പുറത്തെടുത്തത്.
ഹോങ്കോങ്ങിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ കടുത്ത പരീക്ഷണം നേരിട്ടെങ്കിലും ഒടുവില്‍ 26 റണ്‍സിന് ജയിക്കാന്‍ ഇന്ത്യക്കായി. ഹോങ്കോങ്ങിന്റെ ഓപണിങ് ജോടിയെ പുറത്താക്കാന്‍ കഴിയാതിരുന്നതായിരുന്നു ഇന്ത്യക്ക് തലവേദനയായത്. ഹോങ്കോങ്ങിന്റെ ഓപണിങ്ങ് കൂട്ടുകെട്ട് 165 റണ്‍സാണ് അടിച്ചു കൂട്ടിയത്.
നിസാഖത് ഖാന്‍ 92ഉം അന്‍ഷുമാന്‍ റാത് 73 റണ്‍സും എടുത്താണ് പവലിയനിലേക്ക് മടങ്ങിയത്. പിന്നീട് വിക്കറ്റുകള്‍ തുടരെ വീണതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരമായിരുന്ന ഇന്ത്യ-പാകിസ്താന്‍ അങ്കത്തില്‍ ഇന്ത്യക്ക് അനായാസം ജയിക്കാനായി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബൗളര്‍മാര്‍ പാക്ക് ടീമിനെ വരിഞ്ഞു കെട്ടുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ് നിരകൂടി കനിഞ്ഞതോടെ ജയം അനായാസം കൈപ്പിടിയിലൊതുക്കി.
മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ അതേ പ്രകടനം പുറത്തെടുത്തു. 173 റണ്‍സിന് ബംഗ്ലാദേശിന്റെ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ 36 ഓവറില്‍ ലക്ഷ്യം കണ്ട് ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. പാകിസ്താനെതിരേയുള്ള രണ്ടാം മത്സരത്തില്‍ ആദ്യ മത്സരത്തിലേക്കാളേറെ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ഇത്തവണ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. രോഹിത് ശര്‍മ (111), ശിഖര്‍ ധവാന്‍ (114) എന്നിവരുടെ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ജയം. നാല് മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ ഇതോടെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള മത്സരം കൂടി കഴിഞ്ഞാല്‍ മാത്രമേ ഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.
ഇന്ന് അഫ്ഗാനിസ്താനുമായിട്ടാണ് ഇന്ത്യയുടെ അഞ്ചാം മത്സരം. ഇന്ന് അഫ്ഗാനെതിരേയുള്ള മത്സരത്തില്‍ ബെഞ്ചിലിരിക്കുന്ന താരങ്ങളെ ഇറക്കുമെന്നാണ് വിലയിരുത്തലുകള്‍. കരുത്തുറ്റ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ ഇറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറ്റിങ്ങില്‍ മികച്ച ഫോമിലുണ്ടായിട്ടും രാഹുലിനെ ഇതുവരെ കളത്തിലിറക്കിയിട്ടില്ല.
മികച്ച ഫോമിലുള്ള ഫാസ്റ്റ് ബൗളര്‍ സിദ്ധാര്‍ഥ് കൗളിനേയും ടീമിലുള്‍പ്പെടുത്തിയേക്കും. കാരണം മികച്ച ബൗളിങ് പ്രകടനം കാരണം ഇംഗ്ലണ്ടിനെതിരേയുള്ള ടീമില്‍ കൗളിനിടം കിട്ടിയിരുന്നു. പ്രാധാന്യമില്ലാത്ത ഇന്നത്തെ മത്സരത്തില്‍ ഒരു പക്ഷേ കൗളിനെ കാണാനാകും. സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മനീഷ് പാണ്ഡെയേയും ഇന്ന് കളത്തിലിറക്കിയേക്കും. ചതുര്‍ രാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ബിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയതിനാണ് ഏഷ്യാ കപ്പിലേക്ക് താരത്തെ തിരഞ്ഞെടുത്തത്. പക്ഷേ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഇഞ്ചോടിഞ്ച്
പോരാട്ടത്തില്‍ ബംഗ്ലാദേശ്
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന് നാടകീയ ജയം. മൂന്ന് റണ്‍സിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ബംഗ്ലാദേശ് താരങ്ങളായ ഇംറുല്‍ ഖൈസ് (72), മഹ്മുദുല്ല (74) എന്നിവരാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപണിങ് നിര പരാജയപ്പെട്ടപ്പോള്‍ മധ്യനിരയാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്.
അഫ്ഗാന്‍ ബൗളിങ്ങിന്റെ നട്ടെല്ലായ അഫ്താബ് ആലമാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ 249ല്‍ നിര്‍ത്തിയത്. റാഷിദ് ഖാന് ബൗളിങ്ങില്‍ തിളങ്ങാനായില്ല. ഒരു വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഹഷ്മതുള്ള ഷാഹിദി(71), മുഹമ്മദ് ഷഹ്‌സാദ് (53) എന്നിവരാണ് മികച്ച റണ്‍സ് നല്‍കിയത്. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് മുര്‍തസ, മുസ്തഫിസു റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ നാളെ വൈകിട്ട് അഞ്ചിന് പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."