ആദിഷിന് നിവര്‍ന്നിരിക്കാന്‍ സുമനസുകളുടെ സഹായം വേണം
വിഴിഞ്ഞം: മൂന്നു വയസുകാരന്‍ ആദിഷിന് വേദനയില്ലാതെ ചിരിക്കാനും രുചികരമായ ഭക്ഷണം കഴിക്കാനും ഒന്ന് നിവര്‍ന്നിരിക്കാനും സുമനസുകളുടെ സഹായം വേണം.
തൊണ്ടക്ക് ജന്മനാലുണ്ടായ തകരാറാണ് ഈ കുരുന്നിനും കുടുംബത്തിനും ദുരിതം തീര്‍ത്തിരിക്കുന്നത്. കഴുത്തുറക്കാത്ത തന്റെ കുഞ്ഞിന്റെ വേദന നിറയുന്ന പുഞ്ചിരികാണുമ്പോള്‍ വിങ്ങിപ്പെട്ടുകയാണ് വിഴിഞ്ഞം പൂവന്‍ വിളാകം വീട്ടില്‍ അരുളപ്പനും ഭാര്യ ഷിജിയും.
കുഞ്ഞ് ആദിഷിന്റെ ചികിത്സക്കായി നിരന്തരമായി ആശുപത്രി കയറിയിറങ്ങുന്നതുവഴിയുള്ള ചെലവും കുട്ടിക്കാവശ്യമായ ദ്രവരൂപത്തിലുള്ള പ്രോട്ടീന്‍ ഭക്ഷണത്തിന് വേണ്ടിവരുന്ന തുകയും കണ്ടെത്താന്‍ കഴിയാതായതോടെ മത്സ്യത്തൊഴിലാളിയായ അരുളപ്പനും കുടുംബവും പട്ടിണിയിലേക്കാണ് നീങ്ങുന്നത്.
തങ്ങളുടെ പൊന്നോമനയുടെ അസുഖം ഭേദമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രണ്ട് സര്‍ജറികളും തുടര്‍ ചികിത്സയും നടത്തണമെങ്കില്‍ ഒരു വലിയ തുക വേണ്ടിവരും എന്നത് ഈ നിര്‍ധന ദമ്പതികളുടെ ആധി വര്‍ധിപ്പിക്കുകയാണ്. മൂത്ത പെണ്‍കുട്ടി ജനിച്ച ശേഷം വീണ്ടും ഒരുകുട്ടികൂടി ഉദരത്തിലായത് അരുളപ്പനെയും ഷിജിയെയും ഏറെ സന്തോഷിപ്പിച്ചിരുന്നു. ഗര്‍ഭകാലത്തെ പരിശോധനകളില്‍ തകരാറൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് സന്തോഷം ഇരട്ടിപ്പിച്ചു.
എന്നാല്‍ പ്രസവാനന്തരം കുഞ്ഞിന്റെ കരച്ചിലില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് തൊണ്ടയില്‍ കാര്യമായ തകരാറുള്ളതായി കണ്ടെത്തിയത്. ചില സര്‍ജറികളിലൂടെ എല്ലാത്തിനും മാറ്റമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ആശ്വസിപ്പിച്ച് വീട്ടിലേക്ക് വിട്ടെങ്കിലും ഇരുപതാം ദിവസം ആദിഷിന്റെ ശരീരം നീല നിറത്തിലായതോടെ വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ നിറം മാറ്റത്തിന് വ്യത്യാസം വന്നെങ്കിലും കഴുത്തിന് ഉറപ്പില്ലെന്ന് കണ്ടെത്തി. ഇതോടൊപ്പം കഴിക്കുന്ന ഭക്ഷണം മൂക്കില്‍കൂടി പുറത്തേക്ക് വരാന്‍ തുടങ്ങിയതോടെ പോഷക സമൃദ്ധമായ പ്രോട്ടീന്‍ പൗഡറുകള്‍ ദ്രവരൂപത്തിലാക്കി നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
മത്സ്യതൊഴിലാളിയായ അരുളപ്പന് മീന്‍ പിടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കുഞ്ഞിന്റെ ചികിത്സക്ക് കൂടി തികയാതായതോടെ കുടുംബം ദാരിദ്ര്യത്തിന്റെ പിടിയിലായി. മാസത്തില്‍ അഞ്ച് തവണയെങ്കിലും തുടര്‍ പരിശോധനക്കായി എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചാണ് ചികിത്സ തുടരുന്നത്.
തന്റെ പൊന്നോമനക്കായി കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ചികിത്സക്കും നാല് വയസുകാരിയായ മൂത്തമകള്‍ ലക്ഷ്യയും ഭാര്യയും അമ്മയുമടങ്ങിയ കുടുംബത്തെ പോറ്റാനും പാടുപെടുന്ന അരുളപ്പന് ഇനി സുമനസുകളുടെ കാരുണ്യം മാത്രമാണ് ആശ്രയം.
ചികിത്സയുടെ ആവശ്യത്തിനായി എസ്.ബി.ഐ വിഴിഞ്ഞം ബ്രാഞ്ചില്‍ എസി 67249031891 , ഐ.എഫ്.സി. കോഡ്: എസ്.ബി.ഐ.എന്‍. 0070325 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്ന് കാത്തിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."