സ്വന്തം കെട്ടിടമില്ല; ജില്ലയിലെ പോസ്റ്റോഫിസുകള്‍ കുടിയിറക്ക് ഭീഷണിയില്‍
അരീക്കോട്: കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിന് ഭൂമി കൈവശമുണ്ടായിട്ടും ജില്ലയിലെ പോസ്റ്റ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തില്‍. ഇതോടെ സേവനങ്ങളുടെ മികവിലും വരുമാനത്തിലും മുന്‍ നിരയിലെത്തിയ ജില്ലയിലെ 400ല്‍ പരം പോസ്റ്റോഫിസുകള്‍ കുടിയിറക്ക് ഭീഷണിയിലാണ്. ജില്ലയിലെ പോസ്റ്റോഫിസുകള്‍ക്ക് പ്രതിമാസം ലക്ഷങ്ങളാണ് വാടകയിനത്തില്‍ മാത്രം പൊതുഖജനാവില്‍ നിന്നു നല്‍കേണ്ടി വരുന്നത്.
കെട്ടിട ഉടമകളുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെ മിക്ക ഓഫിസുകളും ഉടനെ ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ ആവശ്യം. തര്‍ക്കം രൂക്ഷമായതോടെ പലപ്പോഴും ഓഫിസുകളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയാണ്. ഓഫിസുകള്‍ മാറ്റണമെന്നാവശ്യവുമായി മിക്കയിടങ്ങളിലും ഉടമകള്‍ അധികൃതരെ സമീപിച്ചിരുന്നു. തുച്ഛമായ വാടകയാണ് തപാല്‍ വകുപ്പ് ഉടമകള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ ഓഫിസ് നവീകരണവും കുടിവെള്ളവും വൈദ്യുതി ബില്ലും ഉടമകള്‍ തന്നെ നല്‍കണമെന്ന വ്യവസ്ഥയും കെട്ടിട ഉടമകളെ കുഴക്കുന്നു.
ഇക്കാരണത്താല്‍ കെട്ടിടം വാടകക്ക് നല്‍കാന്‍ ആരും തയാറാകുന്നുമില്ല. ജില്ലയില്‍ തിരൂര്‍, മഞ്ചേരി എന്നി രണ്ട് ഡിവിഷണല്‍ ഓഫിസുകളുണ്ട്. ഈ ഓഫിസുകള്‍ക്ക് കീഴില്‍ മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍ ഹെഡ് പോസ്റ്റോഫിസുകളും പ്രവര്‍ത്തിക്കുന്നു. നാല് ഹെഡ് പോസ്റ്റോഫിസുകള്‍ക്ക് കീഴിലായി 98 സബ് ഓഫിസുകളും 386 ബ്രാഞ്ച് ഓഫിസുകളും പ്രവര്‍ത്തിക്കുന്നു.
രണ്ട് ഡിവിഷനുകളിലായി 10 സബ് ഓഫിസുകള്‍ മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. യൂനിവേഴ്‌സിറ്റി, എയര്‍പോര്‍ട്ട്, മലപ്പുറം സിവില്‍സ്റ്റേഷന്‍ തുടങ്ങിയ മൂന്ന് ഓഫിസുകള്‍ സര്‍ക്കാര്‍ കെട്ടിടത്തിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അര നൂറ്റാണ്ടില്‍ പരം പഴക്കമുള്ള മഞ്ചേരി, തിരൂര്‍, പൊന്നാനി, മലപ്പുറം ഹെഡ്‌പോസ്റ്റോഫിസുകളും രണ്ട് സൂപ്രണ്ട് ഓഫിസുകളും 88 സബ് ഓഫിസുകളും ഇപ്പോഴും വാടക കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലാണ്. ഒറ്റ മുറികളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫിസുകളില്‍ മിക്കതിലും വെള്ളവും വെളിച്ചവുമില്ല. ഡിവിഷണല്‍ ഓഫിസുകള്‍ മുതല്‍ ബ്രാഞ്ച് ഓഫിസുകള്‍ക്ക് വരെ കെട്ടിട സൗകര്യം ഒരുക്കുന്നതിനായി ഏഴ് സെന്റ് മുതല്‍ 25 സെന്റ് വരെ തപാല്‍ വകുപ്പ് വന്‍ തുക നല്‍കി വാങ്ങിയിട്ടുണ്ടെങ്കിലും ഉപയോഗപ്പെടുത്താനായില്ല.
സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂടെ പ്രവര്‍ത്തനം ആരംഭിച്ച മറ്റ് ജില്ലകളിലെ പോസ്റ്റോഫിസുകള്‍ക്കൊക്കെ ഇതിനകം കെട്ടിടങ്ങളായി കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു ഫണ്ടില്‍ നിന്ന് കെട്ടിടം നിര്‍മിക്കാന്‍ തുക അനുവദിച്ചാല്‍ ഡിവിഷണല്‍, ഹെഡ് പോസ്റ്റോഫിസുകള്‍ക്കെങ്കിലും വാടക നല്‍കാതെ പ്രവര്‍ത്തിക്കാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."