കലിമഴയും പ്രളയവും കഴിഞ്ഞു; ഇപ്പോള്‍ പട്ടാളപ്പുഴു
മാനന്തവാടി: കലിമഴയും പ്രളയും തകര്‍ത്ത കൃഷിയിടങ്ങളില്‍ അതിജീവനത്തിന് പൊരുതുന്ന നെല്‍കര്‍ഷകരുടെ ചങ്കിടിപ്പേറ്റി പാടങ്ങളില്‍ പുഴു ശല്യം.
പട്ടാളപ്പുഴു എന്ന പേരിലറിയപ്പെടുന്ന പുഴുവാണ് പാടങ്ങളില്‍ വ്യാപകമായിരിക്കുന്നത്. ഒരു സ്ഥലത്ത് പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ പിന്നീട് ആ പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു പുഴു ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ നൂറിരിട്ടിയായി വര്‍ധിക്കുമെന്നതാണ് പ്രത്യേകത.
എടവക പഞ്ചായത്തിലെ എള്ളുമന്ദം, കാക്കഞ്ചേരി പെരിഞ്ചോല എന്നീ വയലുകളിലാണ് വ്യാപകമായി ഇപ്പോള്‍ പുഴു ശ്രദ്ധയില്‍പ്പെട്ടത്. ഭൂമിക്കടിയിലിരിക്കുന്ന ഈ പുഴു രാത്രികാലങ്ങളിലിറങ്ങിയാണ് നെല്ലിനെ ആക്രമിക്കുന്നത്. നെല്ലിന്റ തല ഭാഗം മുഴുവനായും കടിച്ച് മുറിക്കുകയാണ് പുഴുക്കള്‍ ചെയ്യുന്നത്. ഇതോടെ നെല്‍ചെടി പൂര്‍ണമായും നശിച്ച് പോകും. നാട്ടിയ ഞാറിലും, വിളവെടുക്കാനായ നെല്‍കതിരുലുമെല്ലാം പുഴുക്കളെ ധാരാളമായി കാണപ്പെടുന്നുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലും പുഴുവിന്റെ ആക്രമണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുല്ലുവര്‍ഗത്തില്‍പ്പെട്ട എല്ലാത്തരം ചെടികളെയും പുഴു ആക്രമിച്ച് നശിപ്പിക്കും.
ഇവ മണ്ണലേക്കിറങ്ങി കഴിയുന്നതിനാല്‍ തന്നെ കീടനാശിനികള്‍ പ്രയോഗിച്ചാലൊന്നും ഇവയെ നശിപ്പിക്കാന്‍ കഴിയില്ലെന്നത് കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. നുവാന്‍ എന്ന കീടനാശിനിയാണ് ഇവയെ നശിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്ത് പോരുന്ന കര്‍ഷകര്‍ പറയുന്നു. ഈ കീടനാശിനി വീര്യം കുടിയതായതിനാല്‍ തന്നെ ആവശ്യയമായ എല്ലാവിധ മുന്‍കരുതലുകളും പാലിച്ച് കൊണ്ട് മാത്രമെ ഇത് തളിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നെല്ലിന് പുഴുവിന്റെ ആക്രമണത്തെ തുടര്‍ന്നുള്ള രോഗബാധയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന കര്‍ഷകര്‍ ഉടന്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.
കാലവര്‍ഷക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പുഴു ശല്യം ഇരുട്ടടിയായിരിക്കുകയാണ്. പുഴുവിന്റെ ആക്രമണത്തിലും കൂടി കൃഷി നാശമുണ്ടായാല്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കൃഷിയിടങ്ങളില്‍ പുഴുവിനെ കണ്ടെങ്കിലും വിനാശം വിതക്കുന്ന ഇനമാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയതും കര്‍ഷകനെ ബുദ്ധിമുട്ടിലാക്കി. വ്യാപകമായി ഈ പുഴുവിനെ കണ്ടെത്തിയ വയലുകള്‍ എടവക കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."