മടപ്പള്ളി കോളജ് എസ്.എഫ്.ഐ ആയുധപ്പുരയാക്കി: ഡോ. എം.കെ മുനീര്‍
വടകര: മടപ്പള്ളി കോളജ് എസ്.എഫ്.ഐ ആയുധപ്പുരയാക്കി മാറ്റിയിരിക്കുകയാണെന്നും കോളജില്‍ എസ്.എഫ്.ഐയുടെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വിദ്യഭ്യാസ മന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. അക്രമം തുടര്‍ന്നാല്‍ ജനാധിപത്യ ചേരിയിലെ മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളെയും അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മടപ്പള്ളി ഗവ. കോളജിന് അകത്തും പുറത്തും എസ്.എഫ്.ഐ നേതൃത്വത്തില്‍ നടത്തിവരുന്ന അക്രമങ്ങള്‍ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോളജ് ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ മുനീര്‍.
എതിര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ പോലും തെരുവില്‍ അക്രമിക്കുന്ന കാടത്തമാണ് എസ്.എഫ്.ഐ നടത്തുന്നത്. ഇതു തടയാന്‍ വന്ന സി.പി.എം പ്രവര്‍ത്തകരെപ്പോലും ഇവര്‍ വെറുതെ വിട്ടില്ല.
നിരവധി അക്രമങ്ങള്‍ നടന്നിട്ടും ഫലപ്രദമായി ഇടപെടാന്‍ പൊലിസും കോളജ് അധികൃതരും തയാറായിട്ടില്ലെന്നത് വേദനാജനകമാണ്. ഇക്കാര്യത്തില്‍ സി.പി.എം മൗനം വെടിയണമെന്നുംഅക്രമികളെ നിലക്കു നിര്‍ത്തണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
എം.എസ്.എഫ്, കെ.എസ്.യു, ഹരിത, ഫ്രറ്റേണിറ്റി എന്നീ വിദ്യാര്‍ഥി സംഘടനകളും മാര്‍ച്ചില്‍ അണിനിരന്നു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഐ. മൂസ അധ്യക്ഷനായി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, നജീബ് കാന്തപുരം, റസാഖ് പാലേരി, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, ഒ.കെ കുഞ്ഞബ്ദുല്ല, സുനില്‍ മടപ്പള്ളി, സി.കെ വിശ്വനാഥന്‍,കൂടാളി അശോകന്‍, എം.സി ഇബ്രാഹിം, പി.കെ ഹബീബ്, അഹമ്മദ് പുന്നക്കല്‍, അഡ്വ. യു.പി ബാലകൃഷ്ണന്‍, ശശിധരന്‍ കരിമ്പനപ്പാലം, കെ.പി കരുണന്‍, ടി.വി സുധീര്‍ കുമാര്‍, സൂപ്പി നരിക്കാട്ടേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."