പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം: ഹരജികളിലെ വാദം 16ന് തുടങ്ങും
ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളിലെ വാദം സുപ്രിംകോടതിയില്‍ ഈ മാസം 16ന് തുടങ്ങും. സംവരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും ഇതോടൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ജോലിയിലും വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന 103 ാമത് ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിക്കുന്നത്.
സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് ഒന്നിലധികം ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്. യൂത്ത് ഫോര്‍ ഈക്വാളിറ്റിയെന്ന സന്നദ്ധസംഘടന, രാഷ്ട്രീയ പ്രവര്‍ത്തകനായ തഹ്്‌സീന്‍ പൂനെവാല, അഡ്വക്കറ്റ് റീപക് ഖാന്‍സല്‍ തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നാണ് ഹരജികളിലെ പൊതുവായ വാദം.
10 ശതമാനം സംവരണം കൂടി വന്നതോടെ പരമാവധി ആകെ സംവരണം 50 ശതമാനമായിരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം ലംഘിക്കപ്പെട്ടുവെന്നും ഹരജി വാദിക്കുന്നുണ്ട്.
അതേ സമയം കേരളത്തില്‍ നിന്നുള്ള സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് സമര്‍പ്പിച്ച റിട്ട് ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നിലവില്‍ സംവരണത്തിന് അര്‍ഹരായവരുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."