ആയുര്‍വേദ ശസ്ത്രക്രിയയെ അലോപ്പതി ഭയക്കുന്നതെന്തിന്?
രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ സര്‍ജറിയടക്കം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഏറെക്കാലമായി ആയുഷ് മന്ത്രാലയവും മെഡിക്കല്‍ കൗണ്‍സിലും തമ്മില്‍ തര്‍ക്കം തുടരുന്ന വിഷയമാണിത്. ഒടുവില്‍ വിജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവിട്ടു. ഇതിനെതിരേ അലോപ്പതി ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഇ.എന്‍.ടി, എല്ല്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി പരിശീലനംനേടി ശസ്ത്രക്രിയ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഇത്തരം ശസ്ത്രക്രിയകള്‍ ചെറിയതോതിലെങ്കിലും നടക്കുന്നുണ്ടെന്നും ഇത് നിയമപരമാണെന്ന് വ്യക്തമാക്കുന്നതിനാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്നും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ വ്യക്തമാക്കുന്നു. നേരത്തെ ആയുഷ് മന്ത്രാലയം പരിശീലനം സിദ്ധിച്ചവര്‍ക്ക് ആയുര്‍വേദ ശസ്ത്രക്രിയകള്‍ നടത്താമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) ഇതിനെ തുടക്കംമുതല്‍ എതിര്‍ത്തിരുന്നു. 2018ല്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ ആയുഷ് മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നിലപാട് ആരാഞ്ഞിരുന്നു. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ പരിശീലിക്കുന്നവര്‍ക്ക് നിയമപരമായി ശസ്ത്രക്രിയ നടത്താനാകുമോ എന്നായിരുന്നു ചോദ്യം. ആയുര്‍വേദത്തിന്റെ സിലബസില്‍ ശസ്ത്രക്രിയ ഉണ്ടെന്നും അതിനാല്‍ സിലബസില്‍ ഉള്ളതെല്ലാം പ്രാക്ടീസ് ചെയ്യാന്‍ അനുമതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചശേഷം സര്‍ജറി നടത്താമെന്നുമായിരുന്നു അന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കോട്ഷ പറഞ്ഞത്.
ഇക്കാര്യം എം.സി.ഐയെ ബോധ്യപ്പെടുത്താന്‍ അന്നുമുതല്‍ ആയുഷ് മന്ത്രാലയം ശ്രമിക്കുന്നുണ്ട്. എന്നാല്‍, എം.സി.ഐ ചട്ടപ്രകാരം ആയുഷ് മന്ത്രാലയത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അന്നുതന്നെ എം.സി.ഐ നിലപാടെടുത്തു. ആധുനിക വൈദ്യശാസ്ത്രത്തില്‍ ആയുര്‍വേദ ശസ്ത്രക്രിയയെ അംഗീകരിക്കാത്തതിനാല്‍ അലോപ്പതി ആശുപത്രികളില്‍ ആയുര്‍വേദ ശസ്ത്രക്രിയക്ക് അനുമതി നല്‍കാനാകില്ലെന്നാണ് 2018ല്‍ എം.സി.ഐ സെക്രട്ടറി പറഞ്ഞത്. ആധുനിക വൈദ്യശാസ്ത്ര വക്താക്കളും ആയുഷ് മന്ത്രാലയവും തമ്മില്‍ കാലങ്ങളായി തുടരുന്ന തര്‍ക്കത്തിനൊടുവിലാണ് ഇപ്പോഴത്തെ വിജ്ഞാപനം. ഇതിനായി ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പി.ജി ആയുര്‍വേദ) റെഗുലേഷന്‍ 2016ല്‍ ദേഭഗതി വരുത്തി പി.ജി ആയുര്‍വേദ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തിയിരുന്നു.
ആയുര്‍വേദ സര്‍ജറിക്ക് അനുമതിനല്‍കി കഴിഞ്ഞ 19നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പി.ജി വിദ്യാര്‍ഥികള്‍ക്ക് ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാകല്യതന്ത്ര (ചെവി, മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗം) പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും പരിശീലനം നല്‍കുമെന്നും ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം അവര്‍ക്ക് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാം എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഈയിടെ ഇറക്കിയ വിജ്ഞാപനം പറയുന്നത്.
ഇതിനെതിരേ ആധുനിക വൈദ്യശാസ്ത്ര ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തുവന്നിരിക്കുകയാണ്. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് അവര്‍ ഒരുങ്ങുന്നത്. ജനറല്‍ വിഭാഗത്തില്‍ ആയുര്‍വേദത്തിന് അനുമതി നല്‍കിയ ശസ്ത്രക്രിയകള്‍ ഇപ്പോള്‍ അലോപതി ഡോക്ടര്‍മാരാണ് ചെയ്യുന്നത്. ശരീരത്തിലെ മൃതഭാഗങ്ങള്‍ നീക്കം ചെയ്യുക, തൊലി വച്ചുപിടിപ്പിക്കുക, വയറു തുറന്നുള്ള ശസ്ത്രക്രിയ, കുടല്‍രോഗ ശസ്ത്രക്രിയ എന്നിവയും ജനറല്‍ വിഭാഗത്തില്‍പ്പെടും. 2017 മാര്‍ച്ചില്‍ പാര്‍ലമെന്ററി സ്ഥിരംസമിതി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിന്റെ ഭേദഗതിയായി ആയുഷ് ഡോക്ടര്‍മാര്‍ അലോപതിയും ഹ്രസ്വ കോഴ്‌സായി പരിശീലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ ആയുര്‍വേദ മെഡിസിനില്‍ ഇതിന് പരിശീലനം തുടങ്ങുകയും ചെയ്തു.
ആയുര്‍വേദ ശസ്ത്രക്രികള്‍ പലയിടത്തും നടന്നുവന്നിരുന്നെങ്കിലും അതിന്റെ നിയമസാധുത ആരും ആലോചിച്ചിരുന്നില്ല. നീതി ആയോഗും ആയുഷ് വകുപ്പും ചര്‍ച്ച ചെയ്താണ് ഒടുവില്‍ വിജ്ഞാപനം ഇറക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. എന്നാല്‍, ജനറല്‍ സര്‍ജറി തങ്ങളുടെ കുത്തകയാണെന്ന നിലപാടിലാണ് അലോപതി ഡോക്ടര്‍മാര്‍. ഐ.എം.എക്ക് പുറമെ സര്‍ജന്‍മാരുടെ സംഘടനയും ഇതിനെതിരേ രംഗത്തുവന്നു. ജനറല്‍ സര്‍ജറി പൂര്‍ണമായും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. ആയുര്‍വേദത്തില്‍ എം.എസ് (ആയുര്‍വേദ) എന്നതുപോലുള്ള കോഴ്‌സുകള്‍ വരുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നാണ് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഇന്‍ ഇന്ത്യയുടെ അധ്യക്ഷന്‍ പറഞ്ഞത്.
ആയുര്‍വേദാചാര്യനായിരുന്ന 2,000 വര്‍ഷം മുന്‍പ് ജീവിച്ച സുശ്രുതനാണ് ആദ്യമായി ആയുര്‍വേദത്തില്‍ ശസ്ത്രക്രിയ നിര്‍വഹിച്ചത്. ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ചികിത്സാ രീതികളെ അവലംബിച്ചുള്ള സുശ്രുത സംഹിത എന്ന ഗ്രന്ഥം ആയുര്‍വേദത്തിലെ സുപ്രധാന ഗ്രന്ഥമാണ്. ശസ്ത്രക്രിയക്കുവേണ്ടി എട്ടു രീതികളും അദ്ദേഹം വികസിപ്പിച്ചു. മുറിവുകള്‍ ഉണക്കുന്നതിന് 60 തരം ഉപകര്‍മകളും 120 ശസ്ത്രക്രിയാ ഉപകരണങ്ങളും 300ഓളം ശസ്ത്രക്രിയാ രീതികളും എല്ലാം ആയുര്‍വേദം അക്കാലത്ത് വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ചികിത്സാരംഗത്ത് യോജിച്ചുള്ള ആരോഗ്യപരിപാലന ദൗത്യമാണ് വേണ്ടത്. അലോപ്പതി മാത്രം എന്ന നിലപാട് എന്തുകൊണ്ടും ഭൂഷണമല്ല. എമര്‍ജന്‍സി മെഡിസിനില്‍ അലോപ്പതി തന്നെ വേണ്ടിവരും. ഒരു പക്ഷേ ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാന്‍ മറ്റു ചികിത്സാ രീതികളാകും കൂടുതല്‍ ഫലം നല്‍കുക.
നിരവധി ചികിത്സാരീതികള്‍ രാജ്യത്തുണ്ട്. എല്ലാം പരിപോഷിക്കപ്പെടുകയാണ് വേണ്ടത്. ഒന്നു മാത്രം ശരിയെന്നും മറ്റെല്ലാം തെറ്റെന്നും പറയുന്നത് യുക്തമാകില്ല. സൗഖ്യം നല്‍കുക എന്നതാണ് ചികിത്സാരീതിയുടെ അടിസ്ഥാന തത്വം. എല്ലാ രോഗങ്ങള്‍ക്കും 100 ശതമാനം സൗഖ്യം നല്‍കാനാകുമെന്ന് അലോപ്പതിക്ക് പോലും അവകാശപ്പെടാനാകില്ല. അതിനാല്‍ അലോപ്പതി ശരിയല്ലെന്ന് പറയാനാകില്ല. ഇതേ മാനദണ്ഡത്തില്‍ തന്നെ മറ്റു ചികിത്സാരീതികളെയും കാണണം.
കൊവിഡ് കാലത്ത് പ്രതിരോധ ശേഷി കൂട്ടാനുള്ള ഹോമിയോ മരുന്നിനെതിരേ ഉയര്‍ന്ന പ്രചാരണം നാം കണ്ടതാണ്. സ്വന്തം ചികിത്സാരീതി മാത്രമാണ് ശരിയെന്ന ചിന്ത ശരിയല്ല. ശസ്ത്രക്രിയയില്‍ ശാസ്ത്രീയമായി പരിശീലനം നേടുന്നുണ്ടെങ്കില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് എങ്ങനെ വിധിയെഴുതും. ശസ്ത്രക്രിയ അലോപ്പതിയുടെ കുത്തകയാണെന്ന് അവകാശപ്പെട്ട് ഐ.എം.എ സമരം നടത്തുന്നത് പൊതുജനാരോഗ്യത്തിന് ദോഷമാകരുതെന്ന കരുതല്‍ കൊണ്ടാണോ അതോ അവര്‍ക്ക് രോഗികളെ ലഭിക്കുന്നില്‍ കുറവുണ്ടാകുമെന്ന ആശങ്ക കൊണ്ടാണോ എന്നതിനൊക്കെയാണ് ഉത്തരം ലഭിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."