ബിയോണ്ട് ദി ലെന്‍സിന് തുടക്കം
തിരുവനന്തപുരം: കാഴ്ചയുടെ നിറവെളിച്ചത്തിലേക്ക് മിഴി തുറന്ന് ബിയോണ്ട് ദി ലെന്‍സ് ഫോട്ടോ എക്‌സിബിഷന് തുടക്കമായി. പ്രകൃതിയും മനുഷ്യനും അവന്റെ ആവാസവ്യവസ്ഥയും ഇഴചേര്‍ന്ന ചിത്രങ്ങളാണ് ബിയോണ്ട് ദി ലെന്‍സില്‍ ഒരുക്കിയിരിക്കുന്നത്. പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ ജേര്‍ണലിസം വിദ്യാര്‍ഥികളാണ് ബിയോണ്ട് ദി ലെന്‍സിന്റെ അണിയറക്കാര്‍.
11 വിദ്യാര്‍ഥികളുടെ 110 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കഴുത്തില്‍ കത്തിവച്ചിരിക്കുന്ന ഇറച്ചിക്കോഴികളുടെ ദയനീയത നിഴലിക്കുന്ന നിലം പൊത്തിയ ജീവനുകള്‍, മഴയത്ത് ഒറ്റക്കായ തവളയെ ഫോക്കസ് ചെയ്യുന്ന പുതുമഴക്കാലം, വരള്‍ച്ചയുടെ ഭീകരത ഫ്രയിമിലാക്കിയ ജീവജലവുമായി മലകയറ്റം തുടങ്ങി നിരവധി ജീവസുറ്റ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. തീരദേശ കാഴ്ചകളിലെ വ്യത്യസ്തതകള്‍, കാട്, മല, പുഴ തുടങ്ങി പ്രകൃതി സൗന്ദര്യവും ഒരളവുവരെ ബിയോണ്ട് ദി ലെന്‍സ് കാണിച്ചുതരുന്നു.
പ്രസ്‌ക്ലബ് ഹാളില്‍ ഇന്നലെ ആരംഭിച്ച എക്‌സിബിഷന്‍ ചലച്ചിത്ര നടന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എം. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 26 വരെ പ്രസ് ക്ലബ് ഹാളിലാണ് പ്രദര്‍ശനം. പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ ജേര്‍ണലിസം എട്ടാമത് ബാച്ചിലെ വിദ്യാഥികളെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."