നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇരച്ചുകയറി
എടച്ചേരി: നിയന്ത്രണംവിട്ട സ്വകാര്യബസ് ബൈക്കും വൈദ്യുതി തൂണും തകര്‍ത്ത് മൊബൈല്‍ കടയിലേക്ക് ഇരച്ചുകയറി. എടച്ചേരി പഞ്ചായത്ത് ഓഫിസിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. തലശ്ശേരി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന 'മസാഫി' ബസാണ് അപകടത്തില്‍പ്പെട്ടത്.
എടച്ചേരി പുതിയങ്ങാടി ടൗണിനു സമീപത്തുള്ള വീട്ടില്‍ വിവാഹാവശ്യത്തിനായി എത്തിയതായിരുന്നു ബസ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര് ബസില്‍ കയറിയ ഉടനെയായിരുന്നു അപകടം. എതിരേ വരികയായിരുന്ന മറ്റൊരു ബസിനെ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
എയര്‍ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം. നിരവധി ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന ഇവിടെ ഞായറാഴ്ചയായതിനാല്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. അതേസമയം നിറയെ ആളുകളുമായി മുന്നോട്ടു കുതിച്ച ബസ് ആദ്യം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് തകരാറിലായെങ്കിലും ലൈന്‍ താഴേക്ക് പതിക്കാതിക്കാതിരുന്നതിനാല് വന്‍ദുരന്തം ഒഴിവായി.
വൈദ്യുതി തൂണിലിടിച്ച ശേഷം ബസ് അടുത്തുള്ള മൊബൈല്‍ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മേല്‍ക്കൂരയും നെയിംബോര്‍ഡും ഇടിച്ചുതെറിപ്പിച്ച ശേഷം കടയുടെ വരാന്തയ്ക്കു സമീപമാണ് ബസ് നിന്നത്. സംഭവത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും റോഡില്‍ നില്‍ക്കുന്നവരും ബസിലുള്ളവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും സാരമായ പരുക്കേറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."