ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി- യു.ഡി.എഫ് ശ്രമം: എ. വിജയരാഘവന്‍
ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളില്‍ വിഘാതമേല്‍പ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുമ്പോള്‍ യു.ഡി.എഫ് അതിന് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍ പറഞ്ഞു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ഉപകരണമാക്കാനാണ് ശ്രമം. ഇടതുപക്ഷ വിരുദ്ധ കൂട്ടായ്മ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അതിന്റെ ഇന്നത്തെ പ്രതിരൂപമായ യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ടിന് പക്ഷേ ഇടതുപക്ഷത്തെ തകര്‍ക്കാനാവില്ല. ബി.ജെ.പിക്ക് വേണ്ടിയാണ് യു.ഡി.എഫ് സംസാരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം, എല്‍.ജെ.ഡി തുടങ്ങിയ ഘടക കക്ഷികളെ നഷ്ടമായി ദുര്‍ബലപ്പെട്ടിരിക്കുന്ന യു.ഡി.എഫ് ലീഗ് കോണ്‍ഗ്രസ് മുന്നണി എന്ന നിലയിലേക്ക് ഒതുങ്ങി. ലീഗിനൊപ്പം മതമൗലിക വാദികളെക്കൂടി കൂട്ടുപിടിച്ച് ബി.ജെ.പിക്ക് സമാനമായിരിക്കുകയാണ് യു.ഡി.എഫ്.
? തദ്ദേശ തെരഞ്ഞെടുപ്പിനെ
നേരിടാനൊരുങ്ങുമ്പോള്‍
എന്താണ് എല്‍.ഡി.എഫിന്
ജനങ്ങളുടെ മുന്നില്‍ എടുത്തു
കാണിക്കാനുള്ളത്
കഴിഞ്ഞുപോയ നാലര വര്‍ഷം വികസന നേട്ടങ്ങളുടെ വസന്തകാലമായിരുന്നുവെന്ന് ജനങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ട്. ഇന്ത്യയില്‍ വികേന്ദ്രീകൃതമായ ആസൂത്രണമുള്‍പ്പടെയുള്ള കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചു ആവശ്യമായ വിഭവങ്ങള്‍ നല്‍കി താഴെ തട്ടിലെ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് സമൂഹത്തിന്റെ പൊതു മുന്നേറ്റം ഏറ്റവുമധികം നടത്തിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും അതുവഴി ഗ്രാമീണ കേരളത്തിന്റെ ശാക്തീകരണത്തിന് വാതിലുകള്‍ തുറന്നുവെച്ചത് എല്ലാകാലത്തും എല്‍.ഡി.എഫ് സര്‍ക്കാരുകളായിരുന്നു. ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ വരെ ഈ പ്രവര്‍ത്തനത്തെ വിപുലപ്പെടുത്താനാണ് പ്രയത്‌നിച്ചിട്ടുള്ളത്. പദ്ധതി വിഹിതത്തിന്റെ 25 ശതമാനത്തിലധികം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മികവാര്‍ന്ന ദേശീയ മാതൃകയും കുടുംബശ്രീയിലൂടെ നമ്മള്‍ നടപ്പിലാക്കി. സാമൂഹ്യ പെന്‍ഷന്‍ രംഗത്ത് ചരിത്രത്തിലെങ്ങുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. വിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തും തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. മഹാമാരികളെ നേരിടുന്നതിലും ലോകത്തിന് തന്നെ നമ്മള്‍ മാതൃകയായി. തെരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണയോടെ മികച്ച വിജയം നല്‍കും.
? ബാര്‍ കോഴ കേസില്‍ പുനഃരന്വേഷണം വരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാന്‍ കേസുകളെടുക്കുകയാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജോസ് കെ.മാണിക്കെതിരേയും അന്വേഷണമുണ്ടാകുമോ
സര്‍ക്കാര്‍ കേസുകളിലൊന്നിലും ഇടപെടാറില്ല എന്നതാണ് വസ്തുത. നിയമം അതിന്റെ സ്വതന്ത്രമായ നടപടിക്രമങ്ങളിലൂടെ ശരിയായ വഴിക്ക് നടക്കും.
തെറ്റു ചെയ്തവര്‍ നിയമനുസൃതമായ നടപടിക്ക് വിധേയമാകും. രാഷ്ട്രീയ പക്ഷപാതിത്വത്തിന്റേതായ യാതൊരു ഇടപെടലും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.
? ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിയുന്നത്. പാര്‍ട്ടിയും സര്‍ക്കാരും കോടിയേരിയെ കൈയൊഴിഞ്ഞതാണോ
ഈ വിഷയത്തിലെ നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് മുന്നില്‍ കോടിയേരി ഇതുവരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുവെന്നല്ലാതെ വസ്തുതകളൊന്നുമില്ല.
'10 ലക്ഷം തൊഴില്‍; കൊവിഡ് വാക്‌സിന്‍, 1500 രൂപ പെന്‍ഷന്‍'
എല്‍.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി. എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവനാണ് ഇന്നലെ ഓണ്‍ലൈന്‍ വഴി പ്രകടന പത്രിക പുറത്തിറക്കിയത്. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്ന സന്ദേശം ഉയര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്.
വാഗ്ദാനങ്ങള്‍
10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
ക്ഷേമപെന്‍ഷനുകള്‍ 1,500 രൂപയായി വര്‍ധിപ്പിക്കും
60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും
അഞ്ചു ലക്ഷം പേര്‍ക്കുകൂടി സൗജന്യമായി വീട് നല്‍കും
തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും
സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം ഒന്നരലക്ഷമാക്കും. അധികമായി മൂന്നു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ സംഘങ്ങള്‍ക്കെല്ലാം കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കും
കാര്‍ഷികേതര മേഖലയില്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
തൊഴില്‍ സംരംഭങ്ങള്‍ക്കു 5,000 കോടിരൂപ അഞ്ചുവര്‍ഷം കൊണ്ട് വായ്പ നല്‍കും
കുടുംബശ്രീ നേതൃത്വത്തില്‍ ജനകീയ ഹോട്ടല്‍, പച്ചക്കറി വിപണനശാലകള്‍, ഹോംഷോപ്പികള്‍, സേവന ഗ്രൂപ്പുകള്‍, നാളികേരസംഭരണ - സംസ്‌കരണ കേന്ദ്രങ്ങള്‍, കോഓപ്പ് മാര്‍ട്ട് തുടങ്ങിയവ ആരംഭിക്കും
അരി, വെളിച്ചെണ്ണ, ധാന്യമസാലപൊടികള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ എത്തിക്കും
തൊഴിലുറപ്പു പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കുകൂടി തൊഴില്‍നല്‍കും.
2021 ജനുവരി ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി നിലവില്‍വരും. 75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്റ്റിവെല്‍ അലവന്‍സിന് അര്‍ഹതയുണ്ടാാകും
അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി സമഗ്രമായി പരിഷ്‌കരിക്കും
ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും
കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കും
ആരോഗ്യ പരിരക്ഷ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കും
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ശുചിത്വം നടപ്പാക്കും
സ്ത്രീകളുടെ പദവി ഉയര്‍ത്താനുതകുന്ന കൂടുതല്‍ പദ്ധതികള്‍ ഉറപ്പുവരുത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."