പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാറടിസ്ഥാനത്തില്‍ തിരിച്ചെടുക്കും
തിരുവനന്തപുരം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഡ്രൈവര്‍മാരെ കരാറടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഇതിലൂടെ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിക്ക് പരിഹാരമാണ് ഉണ്ടായിരിക്കുന്നത്.
ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിട്ട 2,108 താല്‍കാലിക ഡ്രൈവര്‍മാരെയാണ് ദിവസ വേതനക്കാരായി നിയമിക്കുക. ഇവരെ ആവശ്യാനുസരണം ഡിപ്പോ അടിസ്ഥാനത്തിലാകും നിയമിക്കുക. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരെയാണ് ദിവസ വേതനത്തിന് നിയമിക്കുക. കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനമുണ്ട്. രണ്ട് ദിവസത്തിനകം ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ആര്‍.ടി.സി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പുതിയ തീരുമാനത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന എല്ലാ എംപാനല്‍ ഡ്രൈവര്‍മാരുടേയും സേവനം കെ.എസ്.ആര്‍.ടി.സി അവസാനിപ്പിക്കുകയും ചെയ്തു.
ഇന്നലെയും നിരവധി സര്‍വിസുകള്‍ റദ്ദാക്കി
ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇന്നലെ തെക്കന്‍ ജില്ലകളില്‍ നിരവധി സര്‍വിസുകള്‍ റദ്ദാക്കി. നാനൂറോളം സര്‍വിസുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്താകെ റദ്ദാക്കേണ്ടിവന്നത്. അവധിയിലുണ്ടായിരുന്ന സ്ഥിരം ജീവനക്കാരില്‍ കുറേപ്പേര്‍ അവധി റദ്ദാക്കി ജോലിക്ക് തിരിച്ചെത്തിയതാണ് പ്രതിസന്ധികള്‍ അതിരൂക്ഷമാകാതിരിക്കാന്‍ സഹായിച്ചത്. എന്നിട്ടും പ്രവൃത്തി ദിവസമായതിനാല്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവ് കാരണം യാത്രാക്ലേശം രൂക്ഷമായിരുന്നു.
തെക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സര്‍വിസുകള്‍ റദ്ദാക്കിയത്. 293 എണ്ണം. തിരുവനന്തപുരം ജില്ലയില്‍ മാത്രം 150 ഓളം സര്‍വിസുകള്‍ മുടങ്ങി. നഗരത്തില്‍ മാത്രം 40 സര്‍വിസുകളും മധ്യമേഖലയില്‍ 32ഉം വടക്കന്‍ മേഖലയില്‍ 71ഉം സര്‍വിസുകള്‍ മുടങ്ങി. താല്‍ക്കാലിക ഡ്രൈവര്‍മാരെ രണ്ട് ദിവസത്തിനുള്ളില്‍ നിയമിച്ച് പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."